'ബറോസ്' യുകെ, യൂറോപ്പ് റൈറ്റ്സ് വില്‍പ്പനയായി; ഔദ്യോഗിക പ്രഖ്യാപനം
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ ചിത്രം ബിഗ് സ്ക്രീനില്‍ എന്ന് കാണാനാവുമെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇനിയും ഒരു ഉത്തരം എത്തിയിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ വിവിധ മാര്‍ക്കറ്റുകളിലെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വില്‍പ്പന നടക്കുന്നുണ്ട്. ഇപ്പോഴിതാ യുകെ, യൂറോപ്പ് റൈറ്റ്സ് വിറ്റത് സംബന്ധിച്ച പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
യുകെയിലെയും യുറോപ്പിലെയും വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് ആണ് ബറോസ് അവിടെ എത്തിക്കുന്നത്. ആര്‍എഫ്ടി ഫിലിംസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല. ചിത്രം ഓണത്തിന് എത്തുമെന്നും പ്രേക്ഷകരില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അതും യാഥാര്‍ഥ്യമായില്ല. അതേസമയം റിലീസ് ഡേറ്റ് പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8