പരാജയം ബാധിച്ചു; ചിത്രം ചെയ്യാന്‍ തന്ന മൂന്ന് അഡ്വാന്‍സുകള്‍ തിരിച്ചുകൊടുക്കേണ്ടി വന്നു: അരുണ്‍ ഗോപി
സിനിമ മേഖലയില്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം വിജയമാണ്. നിലനില്‍പ്പിന്‍റെ ഏറ്റവും അനിവാര്യം വിജയമാണ്. വിജയം ഉള്ള സമയത്ത് ആളുകള്‍ പെരുമാറുന്നതും പരാജയപ്പെടുന്ന സമയത്ത് ആളുകള്‍ പെരുമാറുന്നതും രണ്ട് രീതിയിലാണ്.
കൊച്ചി: രാമലീല എന്ന വിജയ ചിത്രത്തോടെ മലയാള സിനിമയിലേക്ക് എത്തിയ സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപ് അഭിനയിച്ച ഈ ചിത്രം വലിയ വിജയമായിരുന്നു. എന്നാല്‍ അതിന് ശേഷം ഇദ്ദേഹം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി എടുത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് വലിയ ബോക്സോഫീസ് പരാജയമാണ് നേരിട്ടത്. ഇപ്പോള്‍ ദിലീപിനെ നായകനാക്കി 'ബാന്ദ്ര' എന്ന ചിത്രവുമായി എത്തുകയാണ് അരുണ്‍ ഗോപി.
ഇതേ സമയത്ത് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടതിന് ശേഷം താന്‍ നേരിട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ അരുണ്‍ ഗോപി തുറന്നു പറയുന്നത്. സിനിമ രംഗത്ത് സ്ഥിരം സുഹൃത്തുക്കള്‍ ഇല്ലെന്ന് തോന്നുന്നുണ്ടോ, സിനിമ മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിവ് എന്താണ് എന്ന ചോദ്യത്തിനാണ് അരുണ്‍ മറുപടി പറയുന്നത്.
സിനിമ മേഖലയില്‍ എല്ലാത്തിന്‍റെയും അടിസ്ഥാനം വിജയമാണ്. നിലനില്‍പ്പിന്‍റെ ഏറ്റവും അനിവാര്യം വിജയമാണ്. വിജയം ഉള്ള സമയത്ത് ആളുകള്‍ പെരുമാറുന്നതും പരാജയപ്പെടുന്ന സമയത്ത് ആളുകള്‍ പെരുമാറുന്നതും രണ്ട് രീതിയിലാണ്. വിജയിച്ച് നില്‍ക്കുന്ന സമയത്ത് ആളുകള്‍ വിളിച്ചാല്‍ തന്നെ ഫോണ്‍ എടുക്കും. അല്ലെങ്കില്‍ മിസ് കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കും. എന്നാല്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോള്‍ എടുക്കുക പോലും ഇല്ല.
രാമലീല വിജയിച്ച സമയത്ത് എനിക്ക് എളുപ്പത്തില്‍ പലരെയും ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടപ്പോള്‍ അത് സാധ്യമാകാതായി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ടതിന് പിന്നാലെ ഞാന്‍ എനിക്ക് സിനിമ ചെയ്യാന്‍ പറഞ്ഞ് തന്ന മൂന്നോളം അഡ്വാന്‍സുകള്‍ നിര്‍ദാക്ഷിണ്യം തിരിച്ചുകൊടുക്കേണ്ടി വന്നു. അതെല്ലാം വലിയ തുകകളായിരുന്നു.
രാമലീല കഴിഞ്ഞ സമയത്ത് എനിക്ക് വേണ്ട എന്ന് പറഞ്ഞിട്ടും എന്‍റെ കൈയ്യില്‍ പിടിപ്പിച്ചതായിരുന്നു അതില്‍ പലതും. അതില്‍ തന്നെ വലിയൊരു പ്രൊഡ്യൂസര്‍ അഡ്വാന്‍സ് തന്നിരുന്നു. അത് തിരിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ കുറച്ച് സമയം ചോദിച്ചു. അതിനെന്താ രണ്ടാഴ്ച തരാം എന്നാണ് മറുപടി കിട്ടിയത്. അത്തരം അവസ്ഥയാണ്. രണ്ടാഴ്ചയില്‍ ഞാന്‍ തിരിച്ചുകൊടുക്കേണ്ടത് വലിയ തുകയായിരുന്നു. എന്തായാലും അത് ഞാന്‍ തിരിച്ചു കൊടുത്തു.
എന്നാലും ഈ രംഗത്ത് നല്ല സുഹൃത്തുക്കളുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയപ്പെട്ട സമയത്തും ആന്‍റണി പെരുമ്പാവൂര്‍ എന്നെ ആശ്വസിപ്പിച്ചിരുന്നു. നിവിന്‍, ടൊവിനോ എന്നിവരും ദിലീപേട്ടന്‍ എന്നും എന്നെ ആശ്വസിപ്പിക്കുകയും എന്നെ ഒപ്പം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം നല്ല ആളുകളുണ്ട്.
എന്നാല്‍ പരാജയത്തില്‍ അവഗണിച്ചവരെ കുറ്റം പറയാന്‍ സാധിക്കില്ല. അവരുടെ അവസ്ഥ അതായിരിക്കാം. നാം പരിഗണിച്ച പോലെ അവര്‍ നമ്മളെ പരിഗണിച്ച് കാണില്ല. അങ്ങനെ വേണമെന്ന് നമ്മുക്ക് വാശിപിടിക്കാനും സാധിക്കില്ല. അവര്‍ ഇത് ചെയ്യുന്നത് മനപൂര്‍വ്വം ആയിരിക്കില്ല. ചിലപ്പോള്‍ ഇതൊക്കെ പരാജയത്തിലാകുമ്പോള്‍ നമ്മളെ നെഗറ്റീവായി ബാധിക്കും - അരുണ്‍ ഗോപി സയ്ന സൌത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് കൊടുക്കാത്തത് എന്ത്: കാരണം പറഞ്ഞ് മുരളി ഗോപി