Churuli movie : ‘പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം ?'; ചുരുളിയെ കുറിച്ച് ബാലചന്ദ്ര മേനോൻ
സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.
ചുരുളി സിനിമ(Churuli movie) കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന. ഈ അവസരത്തിൽ നടൻ ബാലചന്ദ്ര മേനോൻ(Balachandra Menon) കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. സിനിമ റിലീസായി രണ്ട് മാസം പിന്നിടുമ്പോൾ പൊലീസ് മുഖേനയുള്ള പഠനത്തിന് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. പൊലീസിന്റെ സമയത്തിന് വിലയില്ലേയെന്നും പശുവും ചത്തു, മോരിലെ പുളിയും പോയി ഇനി എന്ത് പഠനമെന്നും അദ്ദേഹം ചോദിക്കുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ
എഴുതാനുള്ളത് "ചുരുളി " എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കിൽ സംവിധാനത്തെ കുറിച്ചോ അല്ല. സായാഹ്‌ന ചർച്ചകളിലിൽ നിന്നുള്ള ഒരു പ്രയോഗം കടമെടുത്താൽ "അരിയാഹാരം കഴിക്കുന്ന " ഒരാളിന്റെ പരിദേവനമാണെന്നു മാത്രം കരുതിയാൽ മതി ...."അമ്മയാണെ സത്യം " എന്ന എന്റെ ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ഇൻസ്‌പെക്ടർ നാരായണൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ....."ചോദിക്കേണ്ടത് ചോദിക്കേണ്ട നേരത്തു ചോദിക്കണം ......." ഇനി കഥയിലേക്ക് കടക്കാം ....."ചുരുളി" എന്ന ചിത്രം OTT ൽ റിലീസായത് സ്ഫോടനാന്മകമായിട്ടാണ് . ഏവർക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല ..റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളുടെ സായാഹ്‌ന ചർച്ചകളിൽ ' തലങ്ങിനേം വിലങ്ങിനേം ' സമഗ്രമായ ചർച്ചകൾ നടന്നതു കൊണ്ടു ഐ സി യൂ വിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്കാരിക ഇടനാഴികളിൽ ഒരു പാട് ചോദ്യങ്ങൾ അപ്പോൾ പ്രതിധ്വനിച്ചു കേട്ടു. "എന്തായിത് ?" "എന്താ ഈ കേൾക്കുന്നത് ?" " ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?" "തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാരൊക്കെ എവിടെ പോയി ?" (അതിൽ ഈ എഴുതുന്നവനും ഉൾപ്പെടും എന്നുവെച്ചോള്ളൂ ) "സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കൾ ഇതൊന്നും അറിഞ്ഞില്ലേ?" ഈ ചോദ്യങ്ങളും, ഫലത്തിൽ 'വിലക്കപ്പെട്ട കനി ' തിന്നാനുള്ള മനുഷ്യന്റെ വാസനയെ ഇരട്ടിപ്പിച്ചു . ചുരുക്കിപ്പറഞ്ഞാൽ നിർമ്മാതാക്കൾക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി .. ഇപ്പോൾ പത്രത്തിൽ കണ്ട ഒരു വാർത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ പ്രകോപിപ്പിച്ചത് ... പ്രസ്തുത ചിത്രത്തിൽ 'മോശമായ' എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താൻ പോലീസ് പുറപ്പെടുന്നുവത്രെ ! ഈ ചിത്രം സോണി ലൈവ് എന്നെ OTT യിൽ പ്രദർശനം തുടങ്ങിയത് 2021 നവംബർ 19 നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..ഇന്ന് 2022 ജനുവരി 12 ആകുമ്പോൾ ഏതാണ്ട് രണ്ടു മാസത്തോളമായി . ചിത്രം കണ്ടവരും , ചാനലുകളിൽ കണ്൦ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോൾ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ? പണ്ടുള്ളവർ പറഞ്ഞു കേട്ടത് ഓർമ്മ വരുന്നു .... "പശുവും ചത്തു ; മോരിലെ പുളിയും പോയി ..... ഇനി എന്ത് പഠനം ? പോലീസിന്റെ സമയത്തിനും വിലയില്ലേ ? മലയാളം അത്ര വശമില്ലാത്തവർക്കായി ഇംഗ്ളീഷിൽ ഒരു വരി എഴുതിയേക്കാം ...അത് കൂടി വായിച്ചിട്ട് നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ കുറിച്ചാട്ടെ... "OPERATION SUCCESSFUL ; BUT PATIENT DIED ..." that's ALL your honour !
കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ സിനിമയിൽ ഉണ്ടോന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്.ഒടിടി റിലീസിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിക്കെതിരെ ഒരു വിഭാഗം ഉയർത്തിയത് വലിയ പ്രതിഷേധമായിരുന്നു. സഭ്യേതര ഭാഷയാണ് സിനിമയിലുടനീളം എന്നായിരുന്നു എതിർക്കുന്നവരുടെ പരാതി. ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകിയത്.