'ബാഹുബലി'യില്‍ നിന്ന് തുടങ്ങിയ വേദന; യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പ്രഭാസ് തിരിച്ചെത്തി

സലാര്‍ റിലീസ് വൈകാന്‍ കാരണവും ഇതായിരുന്നു

baahubali star prabhas returned from europe after knee surgery next release is salaar nsn

ഏത് നടനും ആഗ്രഹിക്കുന്ന വേഷമാണ് ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ചത്. അന്നുവരെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് ബാഹുബലി 1, 2 എത്തിയതോടെ ഒറ്റയടിക്ക് പാന്‍ ഇന്ത്യന്‍ താരമായി. എന്നാല്‍ വിജയത്തിന്‍റെ പടവുകള്‍ പലത് ഒറ്റയടിക്ക് ചാടിക്കയറിയപ്പോള്‍ ശാരീരികമായി അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ആവശ്യത്തിന് സമയം ലഭിക്കാതെ ശാരീരികമായ മേക്കോവര്‍ നടത്തിയതും തുടര്‍ച്ചയായ ഷെഡ്യൂളുകളില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതുമൊക്കെയായിരുന്നു അതിന് കാരണം. കാല്‍മുട്ടുകളിലെ വേദനയായിരുന്നു പിന്നീടിങ്ങോട്ട് അദ്ദേഹത്തെ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം. ഇപ്പോഴിതാ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് പ്രഭാസ്.

ബാഹുബലിയില്‍ നിന്ന് ലഭിച്ച പരിക്ക് ആയിരുന്നെങ്കിലും പ്രഭാസ് ഇപ്പോഴാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനിടെ വരാനിരിക്കുന്ന സലാര്‍ ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രൊഫഷണല്‍ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ആവശ്യമായ സമയം കണ്ടെത്താനാവാതിരുന്ന പ്രഭാസ് ചിത്രീകരണ സമയത്തൊക്കെ താല്‍ക്കാലിക പരിഹാരങ്ങളാണ് തേടിയത്. ശസ്ത്രക്രിയ കൂടാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും വേദന നിത്യജീവിതത്തെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴുമാണ് അദ്ദേഹം അതിന് തയ്യാറായത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 15 ദിവസത്തിന് ശേഷം തിരിച്ചെത്താനായിരുന്നു പദ്ധതിയെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസം പ്രഭാസ് വിശ്രമം സ്വീകരിക്കുകയായിരുന്നു.

 

സലാര്‍ റിലീസ് വൈകാന്‍ കാരണവും ഇതായിരുന്നു. ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്താനിരിക്കുന്ന സലാറിന്‍റെ പ്രൊമോഷന്‍ പരിപാടികളിലാണ് പ്രഭാസിന് അടുത്തതായി പങ്കെടുക്കേണ്ടത്. ചിത്രീകരണം പൂര്‍ത്തിയാക്കാനും പല പ്രോജക്റ്റുകള്‍ ഉണ്ട്. നാഗ് അശ്വിന്‍റെ കല്‍ക്കി 2898, മാരുതി ദസരിയുടെ രാജാ ഡീലക്സ്, സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്‍റെ അടുത്ത ചിത്രങ്ങള്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കണ്ണപ്പയിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. അതിഥിതാരമായാണ് അദ്ദേഹം എത്തുക. മോഹന്‍ലാലും ശിവ രാജ്‍കുമാറും അതിഥിതാരങ്ങളായി ഈ ചിത്രത്തില്‍ എത്തും.

ALSO READ : ഷാരൂഖോ വിജയ്‍യോ പ്രഭാസോ അല്ല, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രതിഫലം ഇനി ഈ ഇന്ത്യന്‍ താരത്തിന്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios