അഴഗപ്പൻ പറയുന്നു; പട്ടാളക്കാര്‍ക്കൊപ്പം ചെന്ന് ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍ ക്യാമറയിലാക്കിയ കഥ!
ഓപ്പറേഷൻ ബ്ലൂസ്റ്റാര്‍ ക്യാമറയില്‍ പകര്‍ത്തിയ കഥ ഛായാഗ്രാഹകൻ അഴഗപ്പൻ പറയുന്നു
തയ്യാറാക്കിയത് കെ സുരേഷ്
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് ഇടതടവില്ലാതെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നല്ലോ. യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും അതിന്‍റെ വാര്‍ത്തകള്‍ അപ്പപ്പോള്‍ ഡസ്ക്കിലെത്തിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കോ ഫോട്ടോഗ്രാഫര്‍മാര്‍ക്കോ അധികം വിയര്‍പ്പൊഴുക്കേണ്ടതില്ല. എന്നാല്‍ വാര്‍ഫ്രണ്ടില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ അവസ്ഥ അതല്ല. മരണം അവരുടെ കണ്‍വെട്ടത്തുതന്നെയുണ്ട്. അത് അറിഞ്ഞുകൊണ്ടാണ് അവര്‍ അത്തരം ദൃശ്യങ്ങളെത്തേടി പോകുന്നതും. അങ്ങനെ പ്രശസ്തരായ അനവധി ദേശീയ അന്തര്‍ദേശിയ മാധ്യമപ്രവര്‍ത്തകര്‍ നമുക്കിടയില്‍ ഉണ്ട്. അവരില്‍ അധികമാര്‍ക്കും അറിയാത്ത ഒരാളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. പക്ഷേ ഇന്നദ്ദേഹം മാധ്യമപ്രവര്‍ത്തകനല്ല. ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഛായാഗ്രാഹകരില്‍ ഒരാളാണ്- അഴഗപ്പന്‍.
ദൂരദര്‍ശനിലെ സ്റ്റാഫ് ക്യാമറാമാനായിരുന്ന കാലത്ത് ബ്ലുസ്റ്റാര്‍ ഓപ്പറേഷന്‍ കവര്‍ ചെയ്യാന്‍ യുദ്ധമുഖത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന അഴഗപ്പന്‍.
അടുത്തിടെ അഴഗപ്പനെ കണ്ടപ്പോള്‍ സാന്ദര്‍ഭികമായി അദ്ദേഹം തന്നെയാണ് ഇക്കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞതും.
ഞാനന്ന് ജലന്തര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. സ്റ്റാഫ് ക്യാമറാമാനായി.താല്‍ക്കാലിക നിയമനത്തിലായിരുന്നു പ്രവേശനം. പിന്നീട് സ്ഥിരമായി.ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ കവര്‍ ചെയ്യാനുള്ള അവസരം കൈ വന്നപ്പോള്‍ പലരും ഒഴിഞ്ഞുമാറി. പക്ഷേ ആ ദൗത്യം സധൈര്യം ഏറ്റെടുത്തത് ചന്ദ്രശേഖര്‍ ആണ്. എന്‍റെ സഹപ്രവര്‍ത്തകന്‍. അദ്ദേഹമന്ന് വിവാഹിതനാണ്. ഞാനടക്കം ചന്ദ്രശേഖറിനെ നിരുത്സാഹപ്പെടുത്തി. പക്ഷേ അദ്ദേഹം പിന്‍മാറിയില്ല.
എനിക്ക് മുന്നിലേക്കും ഇതേ അസൈന്‍മെന്‍റ് എത്തി. ഞാനും വെല്ലുവിളി ഏറ്റെടുത്തു. സഹപ്രവര്‍ത്തകര്‍ പലരും പോകരുതെന്ന് പറഞ്ഞു. സാഹസികമായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്‍റെയും സ്വപ്നമായിരുന്നു.
ഞാനന്ന് അവിവാഹിതനാണ്. 26 വയസ്സ് പ്രായം. തിളച്ചുമറിയുന്ന യൗവ്വനം. ഏറ്റവും പുതുമയുള്ള വിഷ്വല്‍സ് എടുക്കാനായിരുന്നു അന്നും എനിക്ക് ഇഷ്‍ടം.
1984. ജൂണ്‍ മാസം. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ തുടങ്ങി ആദ്യത്തെ മൂന്ന് ദിവസം പട്ടാളക്കാരോടൊപ്പം സുവര്‍ണ്ണക്ഷേത്രത്തിനകത്തുണ്ടായിരുന്നത് ചന്ദ്രശേഖറാണ്. അദ്ദേഹമാണ് ആദ്യത്തെ ഫൂട്ടേജുകള്‍ പകര്‍ത്തിയത്.
ഓപ്പറേഷന്‍ തുടങ്ങി രണ്ടാം ദിവസം രാത്രിയോടെ ഭിന്ദ്രന്‍വാല കൊല്ലപ്പെട്ടിരുന്നു. ഭിന്ദ്രന്‍വാലയെ ആദ്യം തിരിച്ചറിഞ്ഞതും ചന്ദ്രശേഖറായിരുന്നു.
ചന്ദ്രശേഖറിന് ഭിന്ദ്രന്‍വാലയെ മുന്‍പേ പരിചയമുണ്ടായിരുന്നു. എനിക്കും. ഞങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിന്‍റെ അഭിമുഖം പകര്‍ത്തിയിട്ടുള്ളവരാണ്. അന്ന് അദ്ദേഹം തീവ്രവാദിയാണെന്നൊന്നും ആര്‍ക്കുമറിയില്ല. ആത്മീയനേതാവായിരുന്നു.
അന്നത്തെ ഇന്‍റര്‍വ്യൂ കഴിഞ്ഞയുടന്‍ തന്‍റെ കയ്യില്‍ കിടന്നിരുന്ന വിശേഷപ്പെട്ട ഒരു വള ഭിന്ദ്രന്‍വാല ചന്ദ്രശേഖറിന് സമ്മാനിച്ചിരുന്നു. അതുപോലെയൊന്ന് ഭിന്ദ്രന്‍വാലയുടെ ഛിന്നഭിന്നമായ മൃതദേഹത്തിലുമുണ്ടായിരുന്നു. അതുകണ്ടിട്ടാണ് ചന്ദ്രശേഖര്‍ ആ മൃതശരീരം തിരിച്ചറിഞ്ഞത്. ഭിന്ദ്രന്‍വാലയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതും അതിനുശേഷമാണ്.
മൂന്നാം ദിവസം ചന്ദ്രശേഖര്‍ പുറത്തെത്തി. പിന്നീട് എന്‍റെ ഊഴമായിരുന്നു. ഞങ്ങളെ ഹെലികോപ്ടറിലാണ് അവിടെ എത്തിച്ചത്. ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ഞാനും എന്‍റെ അസിസ്റ്റന്‍റ് വിജയ് ഗോവില, പിന്നെ സൗണ്ട് റിക്കോര്‍ഡിസ്റ്റ് എ കെ പതി.
സുവര്‍ണ്ണക്ഷേത്രത്തിന് മുകളിലൂടെയാണ് ഹെലികോപ്റ്റര്‍ ആദ്യം പറപ്പിച്ചത്. താഴെ മുഴുവനും പുകച്ചുരുളുകളായിരുന്നു. ആ വിഷ്വല്‍സുകള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഫയറിംഗ് ഉണ്ടായി. പൈലറ്റ് സമര്‍ത്ഥമായി ഹെലികോപ്ടര്‍ വേഗത്തില്‍ തിരിച്ചുവിട്ടു. അതിന്‍റെ അഘാതത്തില്‍ ക്യാമറയടക്കം ഞങ്ങള്‍ മൂന്നുപേരും ഹെലികോപ്ടറിനുള്ളിലേയ്ക്ക് മറിഞ്ഞുവീണു.
അവിടുന്ന് ഒരുവിധം രക്ഷപെട്ട് താഴെയെത്തി. ക്ഷേത്രത്തിലേയ്ക്ക് കയറാനൊരുങ്ങുമ്പോള്‍ മുദ്രാവാക്യം കേട്ടു. 'ബോലോ സോ നിലാല്‍ സത് ശ്രീ അഗല്‍' (സിഖ് പ്രാര്‍ത്ഥനാഗീതം) എന്ന ജയഭേരി മുഴക്കിക്കൊണ്ട് ആറ് തീവ്രവാദികള്‍ മുന്നോട്ട് കുതിക്കുന്നു. പട്ടാള ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു. പെട്ടെന്ന് ഒരു ജീപ്പിന്‍റെ പിറകില്‍ ഒളിച്ചു. അപ്പോഴേയ്ക്കും തീവ്രവാദികള്‍ വെടിവയ്ക്കാന്‍ തുടങ്ങി. ഞാനതിന്‍റെ വിഷ്വല്‍സ് ഷൂട്ട് ചെയ്തു. ഇന്ത്യന്‍ പട്ടാളം തിരിച്ചടിച്ചു. ആ വെടിവയ്പ്പില്‍ തീവ്രവാദികള്‍ ഓരോരുത്തരായി മരിച്ചുവീണു. ഞാനതും ക്യാമറയില്‍ പകര്‍ത്തി.
ആ ദൗത്യം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു കേണല്‍ എന്നോട് വന്ന് മരിച്ച തീവ്രവാദികളുടെ ചിത്രം പകര്‍ത്താന്‍ പറഞ്ഞു.
തീവ്രവാദികളിലൊരാള്‍ കമഴ്ന്നു കിടക്കുകയായിരുന്നു. കേണല്‍ തന്നെ അയാളെ തിരിച്ചു കിടത്തി. അയാളുടെ മുഖം ക്യാമറയില്‍ വ്യക്തമായി കിട്ടാനായിരുന്നു. ആ സമയം അയാളുടെ താടി ഇളകി വന്നു. അത് വയ്പ്പുതാടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ പഞ്ചാബി ആയിരുന്നില്ല. പാക് തീവ്രവാദിയായിരുന്നു. അയാളുടെ ദേഹം പരിശോധിച്ചപ്പോള്‍ രണ്ട് പാസ്പോര്‍ട്ടുകള്‍ കിട്ടി. ആദ്യത്തേത് ഇന്ത്യന്‍ പാസ്പോര്‍ട്ടും മറ്റേത്ത് ഖാലിസ്ഥാന്‍ പാസ്പോര്‍ട്ടുമായിരുന്നു. കാനഡയില്‍നിന്ന് ഇഷ്യു ചെയ്തതായിരുന്നു ഖാലിസ്ഥാന്‍ പാസ്പോര്‍ട്ട്.
അതിനുശേഷമാണ് ഞാന്‍ പട്ടാളക്കാരോടൊപ്പം സുവര്‍ണ്ണക്ഷേത്രത്തിലേക്ക് പോയത്. രണ്ട് ക്യാമറകള്‍ എന്‍റെ കൈവശമുണ്ടായിരുന്നു. ഒന്ന് ഫിലിമില്‍ പ്രവര്‍ത്തിക്കുന്നതും. മറ്റേത് ഡിജിറ്റലും. ഡിജിറ്റല്‍ ഇറങ്ങിയ സമയം കൂടിയായിരുന്നു.
അകത്തേയ്ക്ക് കയറുന്നതുവരെയേ പട്ടാളക്കാരുടെ തുണയുണ്ടാകൂ. പിന്നെ തനിച്ചാണ്. ക്ഷേത്രത്തിനകത്ത് നിറയെ തൂണുകളുണ്ട്. അതാണ് ഞങ്ങളുടെ ഷെല്‍ട്ടറുകള്‍. അതിന്‍റെ മറവില്‍നിന്ന് പട്ടാളക്കാര്‍ വെടിയുതിര്‍ക്കുമ്പോള്‍ ഞാന്‍ വിഷ്വല്‍സുകള്‍ പകര്‍ത്തുകയായിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ.
ചുറ്റിനും വെടിയൊച്ച കേള്‍ക്കാം. ബുള്ളറ്റുകള്‍ മഴത്തുള്ളികള്‍പോലെ പായുന്നു. ഇടയ്ക്ക് വെടിയൊച്ച അവസാനിക്കും. ആ ഏകാന്തതയാണ് ഏറ്റവും ഭീകരം.
ആ സമയം മുന്നോട്ടുപോകാനുള്ള ശ്രമമാണ്. അപ്പോള്‍ ഫയറിംഗുണ്ടാകും. കൊണ്ടും കൊടുത്തുമുള്ള മുന്നേറ്റം. അതുവരെ തൊട്ടടുത്തുണ്ടായിരുന്ന ജവാന്‍ കണ്‍മുന്നില്‍ മരിച്ചുവീഴുന്നതും കണ്ടിട്ടുണ്ട്. മരണം ഏത് സമയത്തും പിടികൂടാം. പക്ഷേ ഒട്ടും ഭയം തോന്നിയില്ല. ആര്‍ക്കും കിട്ടാത്ത വിഷ്വല്‍സിനുവേണ്ടിയുള്ള ആവേശത്തില്‍ ആ വികാരമെല്ലാം മറന്നു.
ആഹാരമായി ആകെയുണ്ടായിരുന്നത് പട്ടാളക്കാര്‍ എത്തിച്ചിരുന്ന ബിസ്ക്കറ്റും ബ്രഡ്ഡുമാണ്. ഇടയ്ക്കിടെ ചായയും കിട്ടിക്കൊണ്ടിരുന്നു. ഫയറിംഗ് നിര്‍ത്തിവയ്ക്കുന്ന ഇടവേളകളില്‍ പട്ടാളക്കാര്‍ക്കൊപ്പം പുറത്തിറങ്ങി. അവിടെ ചപ്പാത്തിയും ദാലുകറിയും കിട്ടും. പാത്രമൊന്നുമില്ല. കയ്യില്‍ വച്ച് കഴിക്കണം. യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിനകത്ത് കഴിഞ്ഞുകൂടിയ ആറ് ദിവസങ്ങളിലും വിശപ്പും ദാഹവുമൊന്നുമുണ്ടായില്ല. ദാഹം മുഴുവനും നല്ല വിഷ്വല്‍സുകള്‍ക്കുവേണ്ടിയായിരുന്നു.
എന്നിട്ടും ഒരു വിഷ്വല്‍ എനിക്ക് മിസ്സായി. ഓപ്പറേഷന്‍ തുടങ്ങി അഞ്ചാമത്തെയോ ആറാമത്തെയോ ദിവസമാണ്. വൈകുന്നേരമായിരുന്നു ഫയറിംഗില്‍ ഒരു നീണ്ട ഗ്യാപ്പുണ്ടായി. തീവ്രവാദികളെല്ലാം മരിച്ചിട്ടുണ്ടാകാം എന്ന് സ്വാഭാവികമായും കരുതാവുന്ന നിമിഷം. പെട്ടെന്ന് രക്ഷിക്കണേ രക്ഷിക്കണേ എന്നാര്‍ത്തുവിളിച്ചുകൊണ്ടുള്ള ഒരു തീവ്രവാദിയുടെ നിലവിളി. വാട്ടര്‍ ടാങ്കില്‍നിന്നായിരുന്നു ആ ശബ്‍ദം വന്നത്. നമ്മുടെ കൂട്ടത്തിലെ ഒരു ക്യാപ്റ്റന്‍ അയാളെ രക്ഷിക്കാനായി വാട്ടര്‍ടാങ്കിനകത്തേയ്ക്ക് അടിവച്ച് നടന്നു. പെട്ടെന്ന് ഫയറിംഗുണ്ടായി. ക്യാപ്റ്റന്‍ തല്‍ക്ഷണം മരിച്ചുവീണു. ഇന്ത്യന്‍ സേന തിരിച്ചടിച്ചു. ആക്രമണത്തില്‍ വാട്ടര്‍ ടാങ്ക് പൊട്ടി അതിലൊളിച്ചിരുന്ന ഇരുപതിലേറെ തീവ്രവാദികള്‍ താഴേയ്ക്ക് വീണു. അവരെ ജീവനോടെ പിടികൂടി. ഈ സമയം ഞാന്‍ മറ്റൊരിടത്ത് കുടുങ്ങിപ്പോകുകയായിരുന്നു.
മൂന്ന് ദിവസത്തെ ഫൂട്ടേജുമായി പുറത്തുവന്ന ഞാന്‍ വീണ്ടും ഒരു ദിവസം കഴിഞ്ഞ് തിരിച്ചുകയറി. പിന്നീട് ഓപ്പറേഷന്‍റെ ഏതാണ്ട് അവസാനനാളുവരെ ഞാന്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.
ഓപ്പറേഷന്‍റെ പതിനൊന്നാം ദിവസമാണെന്ന് തോന്നുന്നു. ഇന്ത്യന്‍ പ്രസിഡന്‍റായിരുന്ന ഗ്യാനി സെയില്‍ സിംഗ് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. അതിനുമുമ്പ് മൃതശരീരങ്ങളെല്ലാം ക്ഷേത്രത്തിനകത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. അവിടെയെല്ലാം കഴുകി വൃത്തിയാക്കി.
പ്രസിഡന്‍റ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കും മുമ്പ് ഷൂസ് അഴിച്ചുവെച്ചു. സോക്സ് അണിഞ്ഞ കാല്‍പ്പാദങ്ങള്‍ ക്ഷേത്രത്തിലേക്ക് എടുത്തുവയ്ക്കാന്‍ തുടങ്ങിയ നിമിഷം ഞാന്‍ അതുമാത്രമായി ടില്‍ട്ടപ്പ് ചെയ്തു. പിന്നീട് അദ്ദേഹത്തെ പൂര്‍ണ്ണമായും വിഷ്വല്‍സിനുള്ളിലാക്കി. ഒടുവില്‍ പ്രസിഡന്‍റിന്‍റെ കണ്ണുകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ആ നിമിഷം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ വേദന നിറയുന്നത് ഞാന്‍ കണ്ടു.
മുമ്പ് ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഗ്യാനി സെയില്‍സിംഗ്. അത്ര വിശുദ്ധമായൊരിടത്ത് ചോരക്കറ വീണതിന്‍റെ ദുഃഖമായിരിക്കാം ആ മുഖത്ത് തെളിഞ്ഞത്. പിന്നീട് ഇതിന്‍റെ വിഷ്വല്‍സ് ടെലികാസ്റ്റ് ചെയ്തപ്പോള്‍ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രസിഡന്‍റ് ഷൂസണിഞ്ഞ് ക്ഷേത്രത്തിനകത്തേയ്ക്ക് കയറിയെന്നായിരുന്നു ഒരു വിഭാഗം ആരോപിച്ചത്. അതല്ലെന്ന് തെളിയിക്കാന്‍ ആകെയുണ്ടായിരുന്നത് ഞാനെടുത്ത വിഷ്വല്‍സുകളാണ്. പിന്നീട് ചില ദേശീയ മാധ്യമങ്ങള്‍ എന്നെ ഇന്‍റര്‍വ്യൂ ചെയ്തു. ആ ഷോട്ട് ക്യാമറയില്‍ പകര്‍ത്തിയ ആളെന്ന നിലയില്‍, അതിന്‍റെ ദൃക്സാക്ഷിയെന്ന നിലയില്‍. അതിനുശേഷമാണ് ആ വിവാദം കെട്ടടങ്ങിയത്.
ഏതായാലും ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ അവസാനിച്ചതിനുപിന്നാലെ ഞാനും ചന്ദ്രശേഖറും ഭീകരവാദികളുടെ കരിംപട്ടികയിലുണ്ടായിരുന്നു. അന്ന് ഗവണ്‍മെന്‍റ് ഞങ്ങള്‍ക്ക് ഒരു ഫേവര്‍ ചെയ്തു. സ്ഥലം മാറ്റം. ഇഷ്‍ടമുള്ള സ്ഥലം ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കാമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും തെരഞ്ഞെടുത്തത് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രമാണ്. അങ്ങനെയാണ് ഞാന്‍ കേരളത്തിലേക്കെത്തുന്നത്. മറ്റൊരു ദൗത്യവുമായി. അഴഗപ്പന്‍ പറഞ്ഞുനിര്‍ത്തി.
ഇന്നും നമ്മുടെ ആര്‍മിയുടെ കയ്യില്‍ ഇരിക്കുന്ന ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്‍റെ വിഷ്വല്‍സുകള്‍ ചന്ദ്രശേഖറും അഴഗപ്പനും ചേര്‍ന്ന് പകര്‍ത്തിയവയാണ്. ചന്ദ്രശേഖര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അവശേഷിക്കുന്നത് അഴഗപ്പനാണ്. ചലിക്കുന്ന ആ ചരിത്രമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ സ്വര്‍ണ്ണക്കൈകള്‍.