'അവതാര്‍' തിയറ്ററില്‍ കണ്ടിട്ടില്ലേ? '4കെ'യില്‍ കാണാന്‍ സുവര്‍ണാവസരം
2009 ഡിസംബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയ ചിത്രം
ലോക സിനിമയിലെ അത്ഭുതങ്ങളില്‍ ഒന്നാണ് അവതാര്‍. ബിഗ് സ്ക്രീനില്‍ അതിനു മുന്‍പും വിസ്മയങ്ങള്‍ കാട്ടിയിട്ടുള്ള ജെയിംസ് കാമറൂണിന്‍റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം അതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയിരുന്നു. 2009 ഡിസംബറില്‍ ആയിരുന്നു ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. ലോകമെമ്പാടമുള്ള സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ ജെയിംസ് കാമറൂണ്‍. ചിത്രത്തിന്‍റെ റീ റിലീസിനെക്കുറിച്ചുള്ളതാണ് അത്.
ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. സെപ്റ്റംബര്‍ 23 ആണ് റിലീസ് തീയതി. അവതാറിന്‍റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.
നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാര്‍ ദ് വേ ഓഫ് വാട്ടറിന്‍റെ റിലീസ് തീയതി ഡിസംബര്‍ 16 ആണ്. അവതാര്‍ 3 ന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബര്‍ 20 ആണ് ഈ ചിത്രത്തിന്‍റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്‍റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിര്‍മ്മാണ കമ്പനിയായ ലൈറ്റ്സ്റ്റോം എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
ALSO READ : ഉദയനിധി സ്റ്റാലിന്‍റെ വന്‍ അപ്ഡേറ്റ് എത്തി; 'ഇന്ത്യന്‍ 2' ഇന്നു മുതല്‍
അവതാര്‍ റീ റിലീസ് വീണ്ടും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. 2021 മാര്‍ച്ചില്‍ ചൈനയില്‍ ചിത്രം റീ റിലീസ് ചെയ്‍തിരുന്നു. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിനെ പിന്നിലാക്കി വീണ്ടും എക്കാലത്തെയും ആഗോള ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഈ ചൈനീസ് റീ റിലീസ് അവതാറിനെ സഹായിച്ചിരുന്നു.