Marakkar: 'മരക്കാരു'ടെ യുദ്ധം ജയിച്ചോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ
പ്രേക്ഷകര്‍ നെഞ്ചേറ്റി മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം.
മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ച(ഇന്ന്) പുലർച്ചെ 12 മണിക്ക് മരക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar: Arabikadalinte Simham) എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിൽ എത്തി. വൻ ആവേശത്തോടെയാണ് പ്രേക്ഷകർ മോഹൻലാൽ(mohanlal) ചിത്രത്തെ ഏറ്റെടുത്തത്. തിയറ്ററുകൾക്ക് മുമ്പിൽ ആർത്തു വിളിച്ചും ചെണ്ടക്കൊട്ടിയും സിനിമാസ്വാദകരും ആരാധകരും ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായങ്ങൾ.
എല്ലാം കൊണ്ടും അടിപൊളി പടം, മാസ് പടം, കുറേക്കാലത്തിന് ശേഷമിറങ്ങിയ ഒരു ക്ലാസ് മൂവി, കഥ പറച്ചിൽ കുറച്ചു സ്ലോ ആണെന്നത് മാറ്റി നിർത്തിയാൽ പടം സൂപ്പർ ആണ്, എന്നിങ്ങനെ പോകുകയാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ. കുഞ്ഞു കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹൻലാൽ ആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിച്ചുവെന്നും താരങ്ങളുടെ അഭിനയമികവും ചിത്രത്തെ വേറിട്ടുനിർത്തിയെന്നും പ്രേക്ഷകർ പറയുന്നു.
വിഎഫ്എക്സ് സാങ്കേതിക വിദ്യയെ ഇത്രത്തോളം മികച്ച രീതിയിൽ ഉപയോഗിച്ച മറ്റൊരു മലയാള ചിത്രം ഉണ്ടായിട്ടില്ലെന്നും മികച്ച രീതിയിൽ തന്നെ സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. കരയിലും കടലിലുള്ള യുദ്ധരംഗങ്ങൾ അതിന്റേതായി തനിമയോടെ വെള്ളിത്തിരയിലെത്തിക്കാൻ പ്രിയദർശന് സാധിച്ചിട്ടുണ്ട്.
ജൻമനാടിനുവേണ്ടി പോരാടി വീരമൃത്യുവരിച്ച ധീരന്റെ കഥയാണ് 'കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം' എന്ന സിനിമ പറയുന്നത്. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.