മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' മിന്നിച്ചോ ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ
പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയർന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
മലയാള സിനിമാസ്വാദകർ ഏറെക്കാലമായി കാത്തിരുന്ന സിനിമയാണ് ക്രിസ്റ്റഫർ. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫർ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയർന്നു എന്നും പ്രേക്ഷകർ പറയുന്നു.
'കാണാൻ പറ്റിയ പടം, നിരാശപ്പെടുത്താത്ത.. അവസാനം വരെയും പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്തുന്ന ത്രില്ലർ ചിത്രം, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പൻ തിരിച്ചുവരവ്, സ്റ്റൈലും സ്വാഗും ഇമോഷനും മമ്മൂട്ടി ഗംഭീരമാക്കി, ജസ്റ്റിൻ വർഗീസിന്റെ ബിജിഎം കലക്കി, മികച്ച ത്രില്ലർ അനുഭവമാണ് ക്രിസ്റ്റഫർ, മാന്യമായ ത്രില്ലർ ചിത്രം. മമ്മൂട്ടിയാണ് സിനിമയുടെ നട്ടെല്ല്. ബാക്കിയുള്ള അഭിനേതാക്കൾ ചിത്രത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു'എന്നും പ്രേക്ഷകർ പറയുന്നു.
'നല്ല കഥയും മാന്യമായ തിരക്കഥയും, മികച്ച ആദ്യ പകുതിയും തുടർന്ന് മാന്യമായ രണ്ടാം പകുതിയും. ബി ഉണ്ണികൃഷ്ണന്റെ തിരിച്ചുവരവ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും കുറിച്ച് നന്നായി നിർമ്മിച്ച സിനിമ. ബി ഉണ്ണികൃഷ്ണൻ തന്റെ സേഫ് സോണിലേക്ക് തിരിച്ചെത്തി, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ഷൈൻ ടോം ചാക്കോ, വിനയ്, അമല എന്നവർ തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്നതും ക്രിസ്റ്റഫറിന്‍റെ പ്രത്യേകതയാണ്. ബയോഗ്രഫി ഓഫ് എ വിജിലാന്റീ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഉദയ്കൃഷ്ണയാണ് തിരക്കഥ. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ക്രിസ്റ്റഫറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഇത് 'സെല്‍ഫി'യിലെ സൂപ്പര്‍സ്റ്റാര്‍ സോംഗ്; ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദി റീമേക്ക് 24ന്