ഭ്രമയുഗം ആസിഫ് അലി ഉപേക്ഷിച്ചതോ?; 'വിഷമമുണ്ട്' തനിക്ക് പറയാനുള്ളത് തുറന്ന് പറഞ്ഞ് ആസിഫ് അലി
അത് മമ്മൂക്ക കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു.
കൊച്ചി: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഭ്രമയുഗം തീയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ബ്ലാക് ആന്‍റ് വൈറ്റില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അര്‍ജുൻ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും വേഷങ്ങളും ശ്രദ്ധേയമാണ്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണം നടക്കുന്നുണ്ട്. നടന്‍ ആസിഫ് അലിക്ക് വന്ന റോളായിരുന്നു അര്‍ജുൻ അശോകന്‍ ചിത്രത്തില്‍ ചെയ്ത പാണന്‍റെ റോള്‍. എന്നാല്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവത്രെ. പക്ഷെ ഇതില്‍ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വിശദീകരണം നല്‍കുകയാണ് ആസിഫ് അലി.
ഭ്രമയുഗത്തിലെ വേഷം നഷ്ടമായതില്‍ വിഷമമുണ്ടെന്ന് പറയുന്ന ആസിഫ്. ഭ്രമയുഗം താന്‍ ഉപേക്ഷിച്ചതല്ലെന്ന് പറഞ്ഞു. ആ സിനിമ പ്ലാൻ ചെയ്‌തതിനേക്കാൾ വേഗത്തിലാണ് സംഭവിച്ചത്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കുവേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.പക്ഷെ എനിക്ക് ആ സമയത്ത് വേറെ ചില തിരക്കുകള്‍ ഉള്ളതിനാല്‍ എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്. ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചത് സിനിമയോട് അദ്ദേഹത്തിന് എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്നും ആസിഫ് പറഞ്ഞു. ആ സിനിമയെ മനസിലാക്കി അത് ചെയ്യാൻ തീരുമാനിക്കാൻ ധൈര്യം വേണം.
അത് മമ്മൂക്ക കാണിച്ചു എന്നുള്ളത് നമുക്കൊക്കെ ഒരു മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ മഹാനടനായി നിൽക്കുന്നത്. ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസായിരിക്കും. അർജുൻ അശോകന്റെയും വളരെ നല്ല കഥാപാത്രമാണ്.
ഞാൻ പ്രതീക്ഷിച്ച് ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ. അർജുന്‍റെ അടുത്തഘട്ടമാണ് ഈ സിനിമയോട് കൂടി സംഭവിക്കുന്നത്. സിനിമകള്‍ എടുക്കാന്‍ നിലനില്‍പ്പിന്റെ പ്രശ്‌നം ഓര്‍ത്ത് നടന്മാര്‍ മടിക്കുമ്പോള്‍ ആ പേടി മാറ്റി തന്ന നടനാണ് മമ്മൂക്കയെന്നും ആസിഫ് അലി അഭിമുഖത്തില്‍ പറയുന്നു.
ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ചിത്രം എന്നതും ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ഫെബ്രുവരി 15, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കാന്‍ കഴിഞ്ഞതോടെ ദിനംപ്രതി ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം.
കേരള ബോക്സ് ഓഫീസ് മാത്രമെടുത്താല്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 3.05 കോടി ആയിരുന്നു. രണ്ടാം ദിനമായ വെള്ളിയാഴ്ചത്തെ കേരള കളക്ഷന്‍ 2.40 കോടി. അഭൂതപൂര്‍വ്വമായ തിരക്കാണ് ചിത്രത്തിന് ശനിയാഴ്ച എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്. പ്രേക്ഷകരുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് റിലീസ് ദിനത്തില്‍ കേരളത്തില്‍ നൂറിലധികം അഡീഷണല്‍ ഷോസ് ആണ് ലഭിച്ചതെങ്കില്‍ ശനിയാഴ്ച അത് 140 ല്‍ അധികമായി ഉയര്‍ന്നു.
ഇങ്ങേര് ജ്യോത്സ്യനാണോ എന്ന് സോഷ്യല്‍ മീഡിയ; മമ്മൂട്ടിയെക്കുറിച്ച് അന്ന് പൃഥ്വി പറഞ്ഞത് കിറുകൃത്യം