'ഒരു പടത്തിന് പോയാലോ'? ചോദ്യവുമായി മോഹന്‍ലാല്‍, പൃഥ്വി, മഞ്ജു

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ സഹകരണത്തോടെ ഏഷ്യാനെറ്റ് മൂവീസ് നടത്തുന്ന ക്യാപെയ്ന്‍

asianet movies campaign for bring audience back to theatres mohanlal prithviraj sukumaran manju warrier

തിയറ്ററുകളില്‍ മലയാള സിനിമ കാണാന്‍ പഴയതുപോലെ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ചര്‍ച്ച സമീപകാലത്ത് സജീവമായിരുന്നു. മറുഭാഷാ ബിഗ് ബജറ്റ് സിനിമകളില്‍ തിയറ്ററുകളില്‍ ആളെക്കൂട്ടുന്ന സമയത്ത് മലയാളം സിനിമകള്‍ക്ക് ആളില്ലെന്ന പരാതി തിയറ്റര്‍ ഉടമകള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പോയ വാരങ്ങളില്‍ തിയറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങള്‍ മികച്ച വിജയം നേടിയത് മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇപ്പോഴിതാ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ഒരു ക്യാംപെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ് മൂവീസ്.

ഒരു പടത്തിന് പോയാലോ എന്ന പേരില്‍ ആരംഭിച്ച ക്യാംപെയ്നില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ അണിനിരന്നിട്ടുണ്ട്. തിയറ്ററില്‍ മാത്രം ലഭിക്കുന്ന സിനിമയുടെ ആ ഇന്ദ്രജാലം ഓര്‍മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകള്‍ തിയറ്ററില്‍ തന്നെ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്. 

 

പുതിയ പരസ്യ പ്രചരണത്തെക്കുറിച്ച് ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന്‍ കുമാര്‍ പറയുന്നു- ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ് മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മലയാളസിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര്‍ , സാങ്കേതിക പ്രവർത്തകർ എന്നിങ്ങനെ സിനിമാ വ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്. തിയറ്ററുകളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതു ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നത്, കിഷന്‍ കുമാര്‍ പറയുന്നു.

ALSO READ : 'അവതാര്‍' തിയറ്ററില്‍ കണ്ടിട്ടില്ലേ? '4കെ'യില്‍ കാണാന്‍ സുവര്‍ണാവസരം

Latest Videos
Follow Us:
Download App:
  • android
  • ios