ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെ കൊന്നത്; ഓര്‍മ്മപ്പെടുത്തലുമായി എഴുത്തുകാരന്‍ അശോക് സ്വയ്ന്‍
ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്‍റെ വിമര്‍ശനം.
ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങള്‍ എല്ലാം രാജ്യം ഓര്‍ക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുമായി എഴുത്തുകാരനും പ്രൊഫസറുമായ അശോക് സ്വയ്ന്‍. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് പ്രധാനമന്ത്രിയടക്കമുള്ളവരുടെ പ്രതികരണമെത്തിയതിന് പിന്നാലെയാണ അശോക് സ്വയ്ന്‍റെ പ്രതികരണം. ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതല്‍ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയില്‍ കൊല്ലപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചാണ് അശോകിന്‍റെ വിമര്‍ശനം.
വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് മൂന്നാം ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികള്‍ പരിശോധിച്ചാല്‍ റെക്കോര്‍ഡ് കളക്ഷനാണ് ഇത്.
രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തേക്കുറിച്ച് പ്രതികരിച്ചത്. സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ പശ്ചാത്തലത്തിലാണ് അശോക് സ്വയ്ന്‍റെ വിമര്‍ശനം.