'സ്വീഡനില്‍ അപ്രതീക്ഷിതമായി മലയാളികൾക്കിടയിൽ', വീഡിയോയുമായി ആശാ ശരത്

സ്വീഡനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് ആശാ ശരത്.

Asha Sharath share her video from Sweden

'കുങ്കുമപ്പൂ' എന്ന സീരിയലിലെ 'പ്രൊഫസർ ജയന്തി'യെ അത്ര വേഗം ആരും മറക്കില്ല. അത്രകണ്ട് ഭാവം ഉൾക്കൊണ്ട് വളരെ മികവോടെ ആശ ശരത് എന്ന നടി അഭിനയിച്ച് ഫലിപ്പിച്ച വേഷമാണത്.  തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ച ആശ 'മൈക്കിളിന്റെ സന്തതികള്‍' എന്ന സീരിയലിനുശേഷം ടെലിവിഷന്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ 'ദൃശ്യ'ത്തിലൂടെയാണ് ആശ സിനിമാരംഗത്ത് സജീവമായത്.    

ആശ ശരത്ത് തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. സ്വീഡനിൽ ഭർത്താവിനൊപ്പം വിവാഹ വാർഷികം ആഘോഷിച്ച വിവരങ്ങൾ ആശ പങ്കുവെച്ചിരുന്നു. ഇപ്പോൾ അവിടെ നിന്നുള്ള അടുത്ത വിശേഷവുമായാണ് താരം എത്തുന്നത്. 'സ്റ്റോക്ക്‌ഹോമിലെ "കുങ്‌സ്ട്രാഡ്ഗാർഡൻ" തെരുവിലൂടെ നടക്കുമ്പോൾ, മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യൻ സംഗീതം ഞാൻ കേട്ടു. ഇത് എനിക്ക് ഗൃഹാതുരമായ അനുഭൂതി നൽകി, ആ സംഗീതം എന്നെ എത്തിച്ചത് സ്റ്റോക്ക്ഹോമിലെ നമ്മുടെ ഇന്ത്യൻ സാംസ്‍കാരിക ആഘോഷങ്ങളുടെ വേദിയിലേക്കാണ്.

ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതിൽ ഞാൻ അഭിമാനിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ശക്തി ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്'. എന്നാണ് വീഡിയോയ്‌ക്കൊപ്പം ആശ ശരത് കുറിച്ചത്. ഓണഘോഷത്തിന്റെ വേദിയിൽ അപ്രതീക്ഷിതമായി എത്തിപ്പെട്ടതിന്റെ സന്തോഷം താരം മറച്ചുവെച്ചില്ല. വീഡിയോയുടെ തുടക്കത്തിൽ ആശ ശരത്തിനെയും തുടർന്ന് പരിപാടി നടക്കുന്ന സ്റ്റേജിലേയും ദൃശ്യങ്ങളുള്ള വീഡിയോയാണ് ആശ പങ്കുവെച്ചിരിക്കുന്നത്. താരത്തെ കാണാൻ കഴിഞ്ഞ സന്തോഷം അവിടുത്തെ മലയാളികൾ കമന്റിലൂടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.  

സിനിമയില്‍ സജീവമാണ് ഇപ്പോള്‍ ആശ ശരത്ത്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'ദൃശ്യം 2'ല്‍ വീണ്ടും 'ഗീത പ്രഭാകര്‍' ആയും ആശ എത്തിയിരുന്നു. 'ദൃശ്യം 2'ന്‍റെ കന്നഡ റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശ ശരത്ത് ആയിരുന്നു. എന്നാല്‍ പേരില്‍ മാറ്റമുണ്ടായിരുന്നു. 'രൂപ ചന്ദ്രശേഖര്‍' എന്നാണ് ഈ കഥാപാത്രത്തിന്‍റെ കന്നഡത്തിലെ പേര്. 'ഖെദ്ദ', 'ഇന്ദിര', 'മെഹ്ഫില്‍' എന്നിവയാണ് ആശ ശരത്തിന്‍റേതായി മലയാളത്തില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍.

Read More : ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്, ദൈര്‍ഘ്യം രണ്ടേകാല്‍ മണിക്കൂര്‍

Latest Videos
Follow Us:
Download App:
  • android
  • ios