'ഞങ്ങൾക്ക് അഭിമാനം'; പി ആർ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹൻലാൽ
താൻ ഹൈദരാബാദിലാണെന്നും നേരിൽ കാണാമെന്നും മോഹൻലാൽ, ശ്രീജേഷിനോട് പറഞ്ഞു.
ടോക്യോ ഒളിപിക്‌സിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ പി.ആര്‍ ശ്രീജേഷിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഫോണിൽ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. താൻ ഹൈദരാബാദിലാണെന്നും നേരിൽ കാണാമെന്നും മോഹൻലാൽ, ശ്രീജേഷിനോട് പറഞ്ഞു.
എല്ലാവർക്കും അഭിമാനിക്കാൻ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയത്. നാട്ടിൽ എത്തിയപ്പോൾ താൻ അറിഞ്ഞുവെന്നും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. ഇന്ന് നടൻ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. ശ്രീജേഷിന്‍റെ വീട്ടിൽ നേരിട്ടെത്തി ആയിരുന്നു താരത്തിന്‍റെ അഭിനന്ദനം.
ഒളിപിക്‌സിൽ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ ആയിരുന്നു പി.ആര്‍. ശ്രീജേഷ്. അതേസമയം, ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും തീരുമാനം ആയിട്ടുണ്ട്.
ഈ ഒരു അംഗീകാരം വരും തലമുറയില്‍ ഒളിംപിക്സിനെ സ്വപ്നം കാണുന്ന, ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന അത്ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. ഇത്രയും വലിയ അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാരിന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona