തിയറ്ററിലേക്ക് ഇരച്ചെത്തി ജനം; 'എആര്‍എം' ആദ്യദിനം വിറ്റ ടിക്കറ്റുകളുടെ കണക്ക്

ടൊവിനോ ട്രിപ്പിള്‍ റോളില്‍

arm movie first day ticket selling figures on book my show tovino thomas jithin laal

ഇത്തവണത്തെ ഓണം റിലീസുകളില്‍ മികച്ച പ്രീ റിലീസ് ശ്രദ്ധ നേടി എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു എആര്‍എം അഥവാ അജയന്‍റെ രണ്ടാം മോഷണം. ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രം എന്ന സവിശേഷതയുമുള്ള ചിത്രമാണിത്. ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത് എന്നതും 3ഡിയിലും കാണാം എന്നതും കാണികളില്‍ ആവേശമുണ്ടാക്കിയ ഘടകങ്ങളാണ്. ആദ്യദിനം മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയുടെ കണക്ക് ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

24 മണിക്കൂര്‍ കൊണ്ട് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ വിറ്റ ടിക്കറ്റുകളുടെ കണക്കാണ് പുറത്തെത്തിയിരിക്കുന്നത്. 94,000ല്‍ അധികം ടിക്കറ്റുകളാണ് ഒറ്റ ദിവസത്തില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം വിറ്റിരിക്കുന്നത്. ഓണം സീസണ്‍ ആരംഭിക്കുമ്പോള്‍ മോളിവുഡിന് ആകെ ആത്മവിശ്വാസം പകരുന്ന കണക്കാണ് ഇത്. 

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഒരേ സമയം എത്തിയിട്ടുണ്ട്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ടൊവിനോയുടെ മൂന്ന് വേഷങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

ALSO READ : അസാധാരണം, അപ്രതീക്ഷിതം; 'കിഷ്‍കിന്ധാ കാണ്ഡം' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios