Asianet News MalayalamAsianet News Malayalam

'എആര്‍എം' വ്യാജ പതിപ്പ് പുറത്ത്; ഹൃദയഭേദകമെന്ന് സംവിധായകൻ, നിയമ നടപടി സ്വീകരിക്കുമെന്ന് നി‍ർമാതാവ്

"ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം"

arm malayalam movie pirated print is out director jithin laal reacts tovino thomas
Author
First Published Sep 16, 2024, 11:15 PM IST | Last Updated Sep 17, 2024, 12:13 AM IST

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

"ഒരു സുഹൃത്താണ് ഇത് എനിക്ക് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ"?, ലഘു വീഡിയോയ്ക്കൊപ്പം സംവിധായകന്‍ കുറിച്ചു. 12ന് സിനിമ റിലീസായി രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സിനിമ അഞ്ചോളം ടെലഗ്രാം ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം ആദ്യം അറിഞ്ഞതെന്ന് ജിതിൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ ആന്റി പൈറസി വിഭാഗം അറിയിച്ചത്. പിന്നീട് മലയാളം, തമിഴ് തെലുങ്ക് ഭാഷകളുടെ പകർപ്പ് വന്നതായി അറിയിച്ചു. സാധ്യമാവുന്നിടത്തോളം തടയാൻ ശ്രമിച്ചു.

എന്നാൽ ഇന്ന് ജനശതാബ്ദി എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന ഒരു സുഹൃത്താണ് ഒരാൾ ഫോണിൽ സിനിമ കാണുന്നതിന്റെ ചിത്രം അയച്ചുതന്നത്. തന്റെയും ഈ സിനിമയ്ക്ക് പിന്നിലുള്ള മറ്റുള്ളവരുടെയും എട്ട് വർഷത്തെ സ്വപ്നമാണ് ഈ സിനിമയെന്നും ഇപ്പോൾ നടക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും നാളെത്തന്നെ പൊലീസിൽ പരാതി നൽകുമെന്നും നി‍ർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. 

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. ടൊവിനോയുടെ കരിയറിലെ 50-ാം ചിത്രവുമാണ് ഇത്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ ചിത്രം സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളില്‍ എത്തിയത്. അണിയറക്കാരുടെ ഏറെ നാളത്തെ പ്രയത്നത്തിന്‍റെ ഫലമായ ചിത്രം 30 കോടി ബജറ്റിലാണ് തയ്യാറാക്കപ്പെട്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jithin Laal (@jithin_laal)

 

3ഡിയിലും 2ഡിയിലുമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയതോടെ ഓണദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകളാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് ചിത്രം സൃഷ്ടിച്ചത്. അതിനിടെയാണ് വ്യാജ പതിപ്പ് പുറത്തായിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ALSO READ : 90 ദിവസത്തെ ചിത്രീകരണം, ഷെയ്‍നിന്‍റെ ബിഗസ്റ്റ് ബജറ്റ്; 'ഹാല്‍' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios