ജിതിന്‍ ലാലിലെ 'ലാല്‍' എവിടെനിന്ന് വന്നു? കൗതുകകരമായ കഥ പറഞ്ഞ് എആര്‍എം സംവിധായകന്‍
ഓണം റിലീസ് ആണ് ചിത്രം
നിങ്ങള്‍ ആരുടെ ഫാന്‍ ആണ്, മോഹന്‍ലാലിന്‍റെയോ മമ്മൂട്ടിയുടെയോ? പതിറ്റാണ്ടുകളായി മലയാളി സിനിമാപ്രേമികള്‍ കൂടുന്ന ഇടങ്ങളിലെല്ലാം ഒരു ചര്‍ച്ച ഇതായിരിക്കും. നേരിട്ടുന്ന ചര്‍ച്ചകള്‍ ഇന്‍റര്‍നെറ്റ് കാലം എത്തിയപ്പോള്‍ ഓണ്‍ലൈന്‍ ആയും തുടര്‍ന്നു. പ്രിയതാരങ്ങളോടുള്ള ആരാധന മറ്റൊരു തലത്തിലേക്ക് എത്തിച്ച നിരവധി സിനിമാപ്രേമികളുണ്ട്. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനായെത്തുന്ന എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജിതിന്‍ ലാല്‍ തന്‍റെ പേരിന് പിന്നിലെ കഥയെക്കുറിച്ച് പറയുകയാണ്.
ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിതിന്‍ ഇതേക്കുറിച്ച് പറയുന്നത്. സിനിമാ ആഗ്രഹങ്ങളൊക്കെ എപ്പോള്‍ തുടങ്ങി എന്ന ജിതിനോടുള്ള അവതാരകന്‍റെ ചോദ്യത്തിന് ആദ്യം അടുത്തിരുന്ന ടൊവിനോ ആണ് മറുപടി പറഞ്ഞ് തുടങ്ങുന്നത്- "ഇവന്‍റെയൊരു കഥ ഞാന്‍ പറഞ്ഞു തരട്ടെ? ഇവന്‍റെ ശരിക്കും പേര് ജിതിന്‍ എന്നാണ്. അച്ഛന്‍റെ പേര് തങ്കപ്പന്‍ നായര്‍. അപ്പോള്‍ ഈ ലാല്‍ എവിടെനിന്ന് വന്നു"?, ടൊവിനോയുടെ ചോദ്യം. "ചെറിയ കുട്ടി ആയിരുന്ന സമയത്ത് ഇവന്‍ ഭയങ്കര മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. ഇപ്പോഴും അതേ", ടൊവിനോയുടെ വാക്കുകള്‍.
പേരിനെക്കുറിച്ച് ജിതിന്‍ ലാല്‍ പറയുന്നു- "അഞ്ചാമത്തെ വയസില്‍ സ്കൂളില്‍ ചേര്‍ക്കുമ്പോഴാണല്ലോ പേര് എഴുതുന്നത്. സ്കൂളില്‍ പോയപ്പോള്‍ പേര് എന്താണെന്ന് ഒരു സിസ്റ്റര്‍ ചോദിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. അത് ഇടാന്‍ പറ്റില്ല എന്ന് പറഞ്ഞു. അച്ഛന്‍റെയും അമ്മയുടെയും പേരുമായി ഒട്ടും ചേര്‍ച്ചയില്ല എന്ന് പറഞ്ഞു. ജിതിന്‍ നായര്‍ ടി കെ എന്നായിരുന്നു അപ്പോള്‍ എന്‍റെ പേര്. അന്നേ ഞാന്‍ വാല്‍ മുറിച്ചു. അങ്ങനെയാണ് ജിതിന്‍ ലാല്‍ എന്നാക്കിയത്", എആര്‍എം സംവിധായകന്‍റെ മറുപടി.
അതേസമയം ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന എആര്‍എം ഓണം റിലീസ് ആണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലുമായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.
ALSO READ : 'മീനച്ചിലാറിന്‍റെ തീരം'; ബിജിബാലിന്‍റെ മനോഹര ഈണത്തില്‍ 'സ്വര്‍ഗ'ത്തിലെ ഗാനം