മലയാളത്തിന്‍റെ 'ലോറന്‍സ് ഓഫ് അറേബ്യ'; 'ആടുജീവിതം' വെബ്സൈറ്റ് ലോഞ്ച് ചെയ്‍ത് എ ആര്‍ റഹ്‍മാന്‍
മാര്‍ച്ച് 28 ന് ചിത്രം തിയറ്ററുകളിലെത്തും
മലയാളത്തില്‍ നിന്ന് വരാനിരിക്കുന്ന ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കാന്‍വാസില്‍ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന്‍റെ വെബ്സൈറ്റ് ലോഞ്ചിംഗ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ കൂടിയായ എ ആര്‍ റഹ്‍മാന്‍ ഇന്ന് നിര്‍വ്വഹിച്ചു. കൊച്ചി ക്രൌണ്‍ പ്ലാസയില്‍ വച്ച് നടന്ന ചടങ്ങിലാണ് റഹ്‍മാന്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസ്സി, രചയിതാവ് ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ സി ഈപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ ആര്‍ റഹ്‍മാന്‍ വേദിയില്‍ വച്ച് വാചാലനായി. നിറഞ്ഞ സദസിന്റെ അകമ്പടിയോടെയായിരുന്നു വെബ്സൈറ്റ് ലോഞ്ച് ചെയ്യപ്പെട്ടത്. മാര്‍ച്ച് 28 ന് ചിത്രം തിയറ്ററുകളിലെത്തും.
വെബ്സൈറ്റ് ലോഞ്ച് ചെയ്ത ശേഷം എ ആര്‍ റഹ്‍മാന്‍ സദസിനോട് സംസാരിച്ചു. "യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാന്‍ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തില്‍ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ട്. ശ്രീ ബ്ലെസ്സി, ശ്രീ ബെന്യാമിന്‍, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവന്‍ ക്രൂവിന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാര്‍പ്പണം കാണുമ്പോള്‍ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ശ്രീ ബ്ലെസ്സി മലയാളത്തില്‍ മറ്റൊരു 'ലോറന്‍സ് ഓഫ് അറേബ്യ' ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
സംവിധായകന്‍ ബ്ലെസ്സിയും സദസ്സിനോട് സംസാരിച്ചു, "ഇത്തരത്തിലൊരു വെബ്സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് എന്ന് പലരും ചോദിക്കുമ്പോഴും, ഇതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍, അണിയറപ്രവര്‍ത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അത്. വെബ്സൈറ്റിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ഈ വെബ്സൈറ്റില്‍ നിങ്ങള്‍ പ്രഭാതത്തില്‍ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല നിങ്ങളത് ഉച്ചയ്ക്ക് കാണുമ്പോള്‍. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും, രാത്രിയില്‍ ഇരുട്ടിന്റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ഇത്തരമൊരു വെബ്സൈറ്റ് അപൂര്‍വമാണ് എന്നാണു ഞാന്‍ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ റഹ്‍മാന്‍ സര്‍ ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്. ഒപ്പം തന്നെ മാര്‍ച്ച് 10-ന് നടത്തുന്ന ആടുജീവിതത്തിന്റെ മ്യൂസിക് ലോഞ്ചിലേക്കും ഞാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു."
മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ ആതിര ദിൽജിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം