'ദ കശ്‍മിര്‍ ഫയല്‍സി'നു ശേഷം വിവേക് അഗ്‍നിഹോത്രിയുടെ സംവിധാനത്തില്‍ വീണ്ടും അനുപം ഖേര്‍

 'ദ വാക്സിൻ വാര്‍' എന്ന ചിത്രത്തില്‍ ജോയിൻ ചെയ്‍തതായി അറിയിച്ച് അനുപം ഖേര്‍.

Anupam Kher begins shooting for Vivek Agnihotris The Vaccine War

'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിവേക് അഗ്‍നിഹോത്രി പുതിയ പ്രൊജക്റ്റ് തുടങ്ങിയിരിക്കുകയാണ്. ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്‍ടിച്ച 'ദ കശ്‍മിര്‍ ഫയല്‍സി'ന്റെ സംവിധായകന്റെ പുതിയ ചിത്രം'  'ദ വാക്സിൻ വാര്‍' ആണ്.  'ദ വാക്സിൻ വാര്‍' എന്ന ചിത്രം വിവേക് അഗ്‍നിഹോത്രി തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. അനുപം ഖേര്‍ വിവേക് അഗ്നിഹോത്രിയുടെ ചിത്രത്തില്‍ ജോയിൻ ചെയ്‍തുവെന്നതാണ് പുതിയ വാര്‍ത്ത.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലക്നൗവിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. തന്റെ 354ആം സിനിമയാണ് ഇത് എന്ന് അനുപം ഖേര്‍ പറയുന്നു. അനുപം ഖേര്‍ തന്റെ ഒരു ഫോട്ടോ പങ്കുവെച്ചാണ് 'ദ വാക്സിൻ വാറില്‍' ജോയിൻ ചെയ്‍ത കാര്യം അറിയിച്ചിരിക്കുന്നത്. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.

കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അനുപം ഖേറിന് പുറമേ ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം 'ദ കശ്‍മിര്‍ ഫയല്‍സിലും' അനുപം ഖേറായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രം. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരും അഭിനയിച്ച 'ദ കശ്‍മിര്‍ ഫയല്‍സ്' വൻ ഹിറ്റാകുകയും ചെയ്‍തു.

Read More: അമ്പമ്പോ എന്തൊരു ലുക്ക്, ഹൃത്വിക്കിന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios