'മാളികപ്പുറ'വും അയ്യപ്പനും; ഉണ്ണി മുകുന്ദന്‍ ചിത്രത്തെക്കുറിച്ച് ആന്‍റോ ജോസഫ്

ത്രില്ലർ മൂഡില്‍ കഥ പറയുന്ന ചിത്രം

anto joseph about maalikappuram unni mukundan venu kunnappilly

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ഇന്നലെയാണ് പ്രഖ്യാപിച്ചത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാളികപ്പുറം എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. 

മാളികപ്പുറത്തെക്കുറിച്ച് ആന്‍റോ ജോസഫ്

പുതിയ സിനിമ പമ്പയ്ക്കു മീതേ പതിനെട്ടു മലകൾക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ്. ഒരു മാളികപ്പുറത്തിൻ്റെ മനസ്സിലൂടെ പ്രത്യക്ഷനാകുന്ന വില്ലാളിവീരനെക്കുറിച്ചുള്ള സിനിമയുടെ പേരും അതുകൊണ്ടുതന്നെ 'മാളികപ്പുറം' എന്നാണ്. ഒരു പുണ്യ നിയോഗമായി കാണുന്നു ഇതിനെ. പ്രിയ സുഹൃത്ത് ശ്രീ. വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയുമാണ് നിർമ്മാണത്തിൽ പങ്കാളികളാവുന്നത്. ശ്രീമതി. പ്രിയ വേണുവും നീറ്റ പിൻ്റോയും ചേർന്ന് ചിത്രം നിർമിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രത്തിൻ്റെ സംവിധാനം വിഷ്ണു ശശി ശങ്കറാണ്. രചന അഭിലാഷ് പിള്ള. ചിത്രത്തിൻ്റെ പൂജ അയ്യനെക്കുറിച്ചുള്ള കഥകളുറങ്ങുന്ന ദിവ്യസന്നിധിയായ എരുമേലി ശ്രീ. ധർമശാസ്താ ക്ഷേത്രത്തിൽ വെച്ച് ഇന്നലെ രാവിലെ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ. കെ അനന്തഗോപൻ, ആർഎസ്എസ് കേരള പ്രാന്തപ്രചാരക് എസ് സുദർശൻ, എരുമേലി വാവർ മസ്ജിദ് (നൈനാർ ജുമാമസ്ജിദ് ) സെക്രട്ടറി സി എ എം കരീം, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ, രമേഷ് പിഷാരടി, സി ജി രാജഗോപാൽ, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ ഷമീർ, എൻ എം ബാദുഷ തുടങ്ങിയവർ പങ്കെടുത്തു. സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള ഈ തീർഥയാത്രയിൽ പ്രാർഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നു.

ALSO READ : മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും 'വിക്രം'; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

anto joseph about maalikappuram unni mukundan venu kunnappilly

 

കല്യാണി എന്ന എട്ടു വയസ്സുകാരിയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പൻ്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സമ്പത്ത് റാം, രമേശ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ എന്നിവർക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണു തിരക്കഥ. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Latest Videos
Follow Us:
Download App:
  • android
  • ios