ആ പ്രചരണം ശരിയോ? മോഹന്‍ലാലിനൊപ്പം ബേസില്‍ എത്തുമോ? പ്രതികരണവുമായി അനൂപ് സത്യന്‍

മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍

anoop sathyan denies rumours basil joseph to team up with Sathyan Anthikad in his mohanlal movie

മലയാളത്തിലെ അപ്കമിംഗ് ചിത്രങ്ങളില്‍ ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ഹൃദയപൂര്‍വ്വം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ ചില താരനിരയെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറ്റ് ചില താരങ്ങളും ഈ ചിത്രത്തില്‍ ഉണ്ടായേക്കുമെന്ന് പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ബേസില്‍ ജോസഫ് ഈ ചിത്രത്തില്‍ ഉണ്ടായിരിക്കും എന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിലെ വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് അനൂപ് സത്യന്‍. 

സംവിധായകനും സത്യന്‍ അന്തിക്കാടിന്‍റെ മകനുമായ അനൂപ് ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷനിലും പങ്കെടുക്കുന്നുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ ബേസില്‍ ഉണ്ടെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് അനൂപ് സത്യന്‍ ഒടിടി പ്ലേയോട് പറഞ്ഞു. "ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണ്. തിരക്കഥയില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ബേസിലിന് കഥാപാത്രം ഇല്ല", അനൂപ് സത്യന്‍ പറയുന്നു. 

മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീത് പ്രതാപ്, നിഷാന്‍, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാര്‍ച്ച് 10 ന് ചിത്രീകരണം ആരംഭിക്കാനാണ് സത്യന്‍ അന്തിക്കാടും സംഘവും തയ്യാറെടുക്കുന്നത്. മോഹന്‍ലാല്‍ പുതിയ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും കഥാപാത്രത്തിന് താടി ഉണ്ടാവില്ലെന്നും അനൂപ് സത്യന്‍ പറയുന്നു. 

നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സോനു ടി പി ആണ് സത്യന്‍ അന്തിക്കാടിനൊപ്പം ചിത്രത്തിന്‍റെ രചനയില്‍ പങ്കെടുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരനാണ് സം​ഗീത സംവിധാനം. കലാസംവിധാനം പ്രശാന്ത് മാധവ്. അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റിലീസ് ലൂസിഫര്‍ രണ്ടാം ഭാ​ഗമായ എമ്പുരാന്‍ ആണ്. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും തിയറ്ററുകളില്‍ എത്താനുണ്ട്.

ALSO READ : 'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios