ജവാന് ശേഷം വീണ്ടും ഷാരൂഖ് ചിത്രത്തിന് സംഗീതം ചെയ്യാന്‍ അനിരുദ്ധ്
അനിരുദ്ധ് തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ച് വെളിപ്പെടുത്തി. ഷാരൂഖ് ഖാൻ ചിത്രം, വിടമുയാർച്ചി റിലീസ് തീയതി, കൂലി അപ്ഡേറ്റ് എന്നിവയും പങ്കുവെച്ചു.
ചെന്നൈ: രജനികാന്ത് നായകനായി എത്തിയ വേട്ടയന്‍ എന്ന ചിത്രത്തിലാണ് അനിരുദ്ധ് അവസാനമായി സംഗീതം നല്‍കി തീയറ്ററില്‍ എത്തിയ ചിത്രം. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ്. ഇപ്പോള്‍ തമിഴിലും മറ്റ് ഭാഷകളിലും വരാനിരിക്കുന്ന തന്‍റെ പ്രോജക്റ്റുകളെ കുറിച്ച് സംസാരിക്കുകയാണ് അനിരുദ്ധ്. ആമസോൺ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇത് വെളിപ്പെടുത്തിയത്.
താന്‍ അടുത്തവര്‍ഷം ഷാരൂഖ് ഖാന്‍റെ ഒരു ചിത്രം ചെയ്യുന്നുണ്ടെന്നാണ് അനിരുദ്ധ് വെളിപ്പെടുത്തിയത്. എന്നാല്‍ എതാണ് ചിത്രം സംവിധായകന്‍ ആര് എന്ന കാര്യം അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നില്ല. 2023ല്‍ ബോളിവുഡിലെ വന്‍ ഹിറ്റായ ജവാന്‍ എന്ന ഷാരൂഖ് ഖാന്‍റെ ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്തത് അനിരുദ്ധായിരുന്നു.
അഭിമുഖത്തിൽ അനിരുദ്ധ് ചിത്രത്തിന്‍റെ പേര് പറഞ്ഞില്ലെങ്കിലും ഷാരൂഖിന്‍റെ അടുത്ത പ്രോജക്റ്റ് ഫിലിം മേക്കർ സുജോയ് ഘോഷിനൊപ്പമാണെന്നും അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. കിംഗ് എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നാണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
അജിത്ത് നായകനായ വിടമുയാർച്ചി അടുത്ത പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നും അനിരുദ്ധ് അഭിമുഖത്തില്‍ പറയുകയും ചെയ്തു. ഇതുവരെ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും ലഭിക്കാതിരിക്കുന്ന സമയത്താണ് അനിരുദ്ധ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
രജനികാന്ത് നായകനായ കൂലി അടുത്ത വർഷം എപ്പോഴെങ്കിലും തിയേറ്ററുകളിൽ എത്തുമെന്നും അഭിമുഖത്തിൽ അനിരുദ്ധ് പറഞ്ഞു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയാൻ എന്ന ചിത്രത്തിലാണ് അനിരുദ്ധ് അവസാനമായി പ്രവർത്തിച്ചത്. 'ഹണ്ടർ വന്താർ', 'മനസിലയോ' എന്നീ ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന താൽക്കാലികമായി എസ് കെ 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രവും അനിരുദ്ധിന്‍റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ഉൾപ്പെടുന്നു.