അനിമല്‍ ഒടിടി റിലീസ് പ്രതിസന്ധിയില്‍; നെറ്റ്ഫ്ലിക്സിനും നിര്‍മ്മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്
സിനി 1 സ്റ്റുഡിയോസ് ഹാജരാക്കിയ രേഖകൾ സംബന്ധിച്ച് എതിര്‍കക്ഷികള്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ദില്ലി: ബോക്സോഫീസില്‍ വന്‍ വിജയം നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധിയില്‍. ചിത്രത്തിന്‍റെ നിര്‍മ്മാതക്കളായ ടി സീരിസിനും, ഒടിടി അവകാശം വാങ്ങിയ നെറ്റ്ഫ്ലിക്സിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളായ സിനി1 സ്റ്റുഡിയോ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നോട്ടീസ് അയച്ചത്.
സിനി 1 സ്റ്റുഡിയോസ് ഹാജരാക്കിയ രേഖകൾ സംബന്ധിച്ച് എതിര്‍കക്ഷികള്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജീവ് നരുലയാണ് കേസ് പരിഗണിച്ചത്. മാർച്ച് 15 നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാദികള്‍ ഹാജറാക്കിയ രേഖകള്‍ സംബന്ധിച്ച് കൃത്യമായ പ്രതികരണം നല്‍കിയില്ലെങ്കില്‍ പിഴയടക്കം ചുമത്തുമെന്നും എതിര്‍ഭാഗത്തിന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം അനിമലിന്‍റെ ഒടിടി, സാറ്റലൈറ്റ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജിയിൽ ജനുവരി 20-നകം പ്രതികരിക്കാൻ ടി സീരിസ് അടക്കം എതിര്‍ഭാഗത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ജനുവരി 22 ന് വാദം കേൾക്കും.
അനിമലിന്‍റെ ലാഭത്തിലും ബൗദ്ധിക സ്വത്തവകാശത്തെയും ചുറ്റിപ്പറ്റിയുള്ള തര്‍ക്കാണ് ഇപ്പോള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. സിനി 1 സ്റ്റുഡിയോയുടെ വാദങ്ങള്‍ പ്രകാരം ടി സീരിസുമായുള്ള കരാർ പ്രകാരം ചിത്രത്തിന്‍റെ 35% ലാഭ വിഹിതത്തിനും ബൗദ്ധിക സ്വത്തവകാശത്തിനും അവകാശമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റവന്യൂ വെളിപ്പെടുത്താതെയും കണക്ക് കാണിക്കാതെയും ടി സീരിസ് സാമ്പത്തികമായി പറ്റിക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്.
രൺബീർ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ അനിമല്‍ സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വംഗയാണ്. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും ചിത്രത്തിലുണ്ട്. 2023 ഡിസംബർ 1ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 900 കോടിയിലധികം ആഗോള ബോക്സോഫീസില്‍ കളക്ഷൻ നേടി.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ സൂപ്പര്‍ ഹീറോകള്‍; എഐ ഭാവന.!