കേരളത്തിൽ വിജയിക്കുന്ന തമിഴ് സിനിമകൾ വിജയ്‍യുടേത് മാത്രമോ? ടോപ്പ് 10 ഹിറ്റുകൾ ഏതൊക്കെയെന്ന് മലയാളികൾ, ചര്‍ച്ച
ഉരുതിക്കോല്‍, ബൈരി, ഐപിസി 376 എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി മേഘന എല്ലെന്‍ ആണ് മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ച് വേറിട്ട അഭിപ്രായവുമായി എത്തിയത്.
ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ നേടിയ റെക്കോര്‍ഡ് വിജയമാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്‍റേത്. രണ്ടാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് ചിത്രം 25 കോടിയോളം നേടിയതായാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വാരാന്ത്യത്തിലും ഈ വാരാന്ത്യത്തിലുമൊക്കെ കേരളത്തിലേതിനേക്കാള്‍ വലിയ ബുക്കിംഗ് ആണ് ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. തമിഴ് യുട്യൂബ് ചാനലുകളില്‍ ഈ വാരങ്ങളിലെ പ്രധാന ഉള്ളടക്കവും മഞ്ഞുമ്മല്‍ ബോയ്സ് ആണ്. എന്നാല്‍ ചിത്രത്തെക്കുറിച്ച് വേറിട്ട അഭിപ്രായവുമായി എത്തിയ ഒരു തമിഴ് നടിയുടെ വാക്കുകള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് തന്നില്‍ അത്രയൊന്നും മതിപ്പുണ്ടാക്കിയില്ലെന്നും ഓവര്‍ ഹൈപ്പ് ആണ് ഉണ്ടാവുന്നതെന്നും നടി പറഞ്ഞിരുന്നു. ഒപ്പം കേരളത്തില്‍ തമിഴ് സിനിമകള്‍ ആഘോഷിക്കപ്പെടാറില്ലെന്നും.
ഉരുതിക്കോല്‍, ബൈരി, ഐപിസി 376 എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി മേഘന എല്ലെന്‍ ആണ് മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ച് വേറിട്ട അഭിപ്രായവുമായി എത്തിയത്. അവരുടെ പുതിയ ചിത്രം അരിമാപ്പട്ടി ശക്തിവേല്‍ ഈ വാരമാണ് തിയറ്ററുകളില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകരോട് സ്വന്തമ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് മഞ്ഞുമ്മല്‍ ബോയ്സിനെക്കുറിച്ചുള്ള ചോദ്യം വന്നതും അവര്‍ പ്രതികരിച്ചതും. തമിഴ് സിനിമകളില്‍ മലയാളികള്‍ ഹിറ്റ് ആക്കുന്നത് വിജയ് സിനിമകള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. "ഇവിടെ നിങ്ങള്‍ മലയാള സിനിമ ആഘോഷിക്കുന്നതുപോലെ അവിടെ (കേരളത്തില്‍) തമിഴ് സിനിമ ആരും ആഘോഷിക്കാറില്ല. ഞാന്‍ തുറന്ന് പറയുകയാണ്. ചെറിയ സിനിമകള്‍ ചെറിയ സിനിമകളായിത്തന്നെയാണ് പോകാറ്. അത് വരുന്നതും പോകുന്നതും ആരും അറിയില്ല. തമിഴ് സിനിമകളില്‍ വിജയ് സാറിന്‍റെ പടങ്ങള്‍ മാത്രമാണ് അവിടെയുള്ളവര്‍ ഹിറ്റ് ആക്കി വിടാറ്", മേഘനയുടെ വാക്കുകള്‍.
വസ്തുത മനസിലാക്കാതെയാണ് മേഘനയുടെ പ്രതികരണമെന്ന് വിമര്‍ശിച്ച് മലയാളികളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമയുടെ കേരളത്തിലെ സ്വീകാര്യതയെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍ക്കൊപ്പം കേരളത്തിലെ ഓള്‍ ടൈം തമിഴ് ടോപ്പ് 10 സിനിമകളുടെ ലിസ്റ്റ് ചേര്‍ത്തുകൊണ്ടുള്ള വീഡിയോയും എക്സില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും വിജയം നേടിയ 10 തമിഴ് സിനിമകളുടെ ലിസ്റ്റില്‍ വിജയ്‍യുടെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ആ ലിസ്റ്റ് ഇങ്ങനെ.
കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമകള്‍
1. ലിയോ- 59.5 കോടി
2. ജയിലര്‍- 57.1 കോടി
3. വിക്രം- 40.5 കോടി
4. പൊന്നിയിന്‍ സെല്‍വന്‍ 1- 25.5 കോടി
5. ബിഗില്‍- 21.5 കോടി
6. 2.0- 21.5 കോടി
7. ഐ- 19.8 കോടി
8. മെര്‍സല്‍- 19 കോടി
9. പൊന്നിയിന്‍ സെല്‍വന്‍ 2- 18.5 കോടി
10. കബാലി- 16.5 കോടി
ALSO READ : അടുത്ത ചിത്രത്തില്‍ നായകന്‍ ധനുഷ്? ആദ്യ പ്രതികരണവുമായി ചിദംബരം