ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ ശക്തമായ പ്രതിഷേധം; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംഘടന

ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അം​ഗങ്ങൾ അറിയിച്ചു.

Amma organization says Shammi Thilakan has not been expelled

കൊച്ചി : നടന്‍ ഷമ്മി തിലകനെ(Shammi Thilakan) പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ(AMMA). അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നടപടി എടുക്കുമെന്ന് അം​ഗങ്ങൾ അറിയിച്ചു. ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അം​ഗങ്ങൾ അറിയിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അം​ഗങ്ങൾ ഇക്കാര്യം അറിയിച്ചത്. 

ഷമ്മി ഇപ്പോഴും താരസംഘടനയിലെ അം​ഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അം​ഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോ​ഗത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷമാണ് നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക. ഇന്ന് അദ്ദേഹം വരാതിരുന്നതിനാൽ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ല. ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്നതായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞു.

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. 

ഷമ്മി തിലകനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കി; തീരുമാനം ജനറല്‍ ബോഡി യോഗത്തില്‍

വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു. 

'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു.  'അമ്മ' തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios