അമരന്‍ ഒടിടി ഇറങ്ങി; സായി പല്ലവി കിടിലന്‍ അഭിനയം, പക്ഷെ മലയാളം നശിപ്പിച്ചു വിമര്‍ശനം !
ശിവകാർത്തികേയന്റെ ഹിറ്റ് ചിത്രം അമരൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.
ചെന്നൈ: ഈ വര്‍ഷത്തെ കോളിവുഡിലെ വന്‍ വിജയമായ അമരന്‍ ഒടുവില്‍ ഒടിടിയില്‍ റിലീസായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസായിരിക്കുന്നത്. ചിത്രം ഇതിനകം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അതേ സമയം തന്നെ ചിത്രത്തിന് പ്രശംസയും ട്രോളും ലഭിക്കുന്നുണ്ട്.
ചിത്രത്തിലെ സായി പല്ലവിയുടെ വേഷം പലരും വലിയ രീതിയില്‍ പുകഴ്ത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ സായിപല്ലവിയുടെ മലയാളം തീര്‍ത്തും വികലമാണ് എന്ന പരാതിയും എക്സിലും മറ്റും ഉയരുന്നുണ്ട്. ഇതിനെ ചുറ്റിപറ്റിയുള്ള ട്രോളുകളും വരുന്നുണ്ട്. അമരനില്‍ ഒരു മലയാളി നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കില്‍ കേരളത്തിലും ചിത്രം മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
ഇത് സംബന്ധിച്ച് നിരവധി എക്സ് പോസ്റ്റുകള്‍ വന്നിട്ടുണ്ട്. മലയാളികള്‍ സംസാരിക്കും പോലെയല്ല ചിത്രത്തിലെ ഇന്ദു റബേക്ക വര്‍ഗീസ് സംസാരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഇത്തരം പോസ്റ്റുകളില്‍ മലയാളികള്‍ വ്യാപകമായ പിന്തുണ നല്‍കുന്നുണ്ട്.
ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. 2024 ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.
മേജർ മുകുന്ദായാണ് ശിവ കാർത്തികേയൻ വേഷമിട്ടത്. ബോക്സ് ഓഫീസിൽ വൻ പ്രകടനം കാഴ്ചവച്ച ചിത്രം 300 കോടിയോളം നേടിയിരുന്നു. അമരൻ. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അമരന്‍.