അമരൻ; രാജ്യത്തിനായി വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജന്റെ കഥ
ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിലാണ് മലയാളിയായ ഇന്ദു റെബേക്ക മുകുന്ദിന്റെ ജീവിത സഖിയായത്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രമാണ് അമരൻ. കമൽഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച ധീരനായ ഒരു സൈനിക ഉദ്യോഗസ്ഥന്റെ യഥാർത്ഥ ജീവിതമാണ് സിനിമയുടെ പ്രമേയം. മേജർ മുകുന്ദ് വരദരാജൻ, ഇന്ദു റബേക്ക എന്നീ പേരുകളുള്ള കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശിവകാർത്തികേയനും സായ് പല്ലവിയുമാണ്.
ആരാണ് മേജർ മുകുന്ദ് ?
2014 ഏപ്രിൽ 25. കശ്മീരിലെ ഷോപ്പിയാൻ. ആപ്പിൾ ടൗൺ എന്നറിയപ്പെടുന്ന ഷോപിയാനിൽ രാഷ്ട്രീയ റൈഫിൾസ് റെജിമെന്റ് 44-ാമത് യൂണിറ്റ് വിന്യസിക്കപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ മേജർ മുകുന്ദ് വരദരാജന്റെ നേതൃത്വത്തിലുള്ള സംഘം എന്തിനും തയ്യാറായി നിൽക്കുകയാണ്. ഷോപ്പിയാനിലെ ആപ്പിൾ തോട്ടങ്ങൾക്ക് ചോരയുടെ മണമുള്ള കാലമായിരുന്നു അത്. തലേന്നാണ് അവിടെ ഒരു ഭീകരാക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൊലപാതകങ്ങളിൽ പ്രതിയായ ജയ്ഷെ മുഹമ്മദ് കമാൻഡർ അൽത്താഫ് വാനി ഉൾപ്പെടെ ചില ഭീകരർ ഖാസിപത്രി ഗ്രാമത്തിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു മേജർ മുകുന്ദിന്റെ സംഘം അവിടെ എത്തിയത്.
ഭീകരർ ഒളിച്ചു താമസിക്കുന്നതായി കരുതുന്നത് ഒരു ഇരുനില വീട്ടിലാണ്. അവിടെ ആപ്പിൾ തോട്ടവും രണ്ട് ഔട്ട്ഹൗസുകളുമുണ്ടായിരുന്നു. മേജർ മുകുന്ദ് മണിക്കൂറുകൾ കൊണ്ട് പദ്ധതി തയ്യാറാക്കി. തന്റെ ക്വിക്ക് റിയാക്ഷൻ ടീമിനെ പല ജോഡികളാക്കി തിരിച്ച് പൂർണ്ണ സജ്ജരാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് തെറ്റിയില്ല. അൽതാഫ് വാനിയും മറ്റു രണ്ട് ഭീകരരും ആ വീട്ടിൽ തന്നെയുണ്ടായിരുന്നു. സൈന്യം വീടു വളഞ്ഞത് തിരിച്ചറിഞ്ഞ ഭീകരർ സൈന്യത്തെ വെല്ലുവിളിക്കാൻ തുടങ്ങി.
ഒട്ടും താമസിച്ചില്ല. വീടിന്റെ വാതിൽ സ്‌ഫോടക വസ്തുവച്ച് തകർത്ത് തുരുതുരാ വെടിച്ചുകൊണ്ട് സൈന്യം ഇരച്ചുകയറി. അതിനു മറുപടിയായി വീട്ടിനുള്ളിൽനിന്നും വെടിവെപ്പ്. ഇരുവശത്തുനിന്നും വെടിയുണ്ടകൾ പാഞ്ഞു. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടൽ.
ആദ്യത്തെ ഭീകരനെ വെടിവച്ചു വീഴ്ത്തിയ മേജർ മുകുന്ദ് ഔട്ഹൗസിനുള്ളിലേയ്ക്ക് ഒരു ഗ്രനേഡ് എറിഞ്ഞു. വൻ സ്‌ഫോടനം. ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു. അടുത്ത നിമിഷം സൈനിക ഉദ്യോഗസ്ഥൻ വിക്രം സിങ്ങിനു നേരെ വെടിയുതിർത്ത അൽത്താഫ് വാനി, ആപ്പിൾ തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. സൈന്യം ആപ്പിൾ മരങ്ങൾ വളഞ്ഞു. വീണ്ടും വെടിവയ്പ്പ്.
ആ സമയത്താണ് മേജർ മുകുന്ദ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. അൽത്താഫ് വാനിയിരിക്കുന്ന ആപ്പിൾ മറവിൽ നിന്ന് തുരുതുരാ വെടിപൊട്ടുന്നില്ല. ഇടവിട്ട് മാത്രമാണ് അയാൾ നിറയൊഴിക്കുന്നത്. അടുത്ത ക്ഷണം വാനിയുടെ ഭാഗത്ത് നിന്നുള്ള വെടിവയ്പ്പ് നിലച്ചു, സൈനികർ അമ്പരന്നു. ആകെ ആശയക്കുഴപ്പം. എന്താണ് സംഭവിക്കുന്നത്.
എന്നാൽ, മേജർ മുകുന്ദ് ശാന്തനായിരുന്നു. കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ചെറുപ്പത്തിലേ യൂണിഫോമണിഞ്ഞ മേജർ മുകുന്ദ് വരദരാജനോട് ആരും പറയേണ്ടതില്ലായിരുന്നു. അൽത്താഫിന്റെ ബുള്ളെറ്റുകൾ കഴിയാറായിരിക്കുന്നു. അവസാന വെടിയുണ്ട വരെ പോരാടുകയല്ലാതെ അൽത്താഫിന് മറ്റൊരു മാർഗവുമില്ല. മേജറിന് അക്കാര്യം ഉറപ്പായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. അൽത്താഫ് വാനിയുടെ അവസാന ബുള്ളറ്റും തീർന്നു. തൊട്ടടുത്ത നിമിഷം സൈന്യം നിർണ്ണായക നീക്കം നടത്തി. തന്ത്രപരമായ ഇടപെടൽ. അൽത്താഫ് വാനി കൊല്ലപ്പെട്ടു.
മേജർ മുകുന്ദിന്റെ നേതൃപാടവവും തന്ത്രപരമായ തീരുമാനവും പരിചയ സമ്പത്തുമായിരുന്നു ആ ഓപ്പറേഷന്റെ വിജയ രഹസ്യം. എന്നാൽ, അതിന് കൊടുക്കേണ്ടി വന്നത് വലിയ വില കൂടിയായിരുന്നു. ഏറ്റുമുട്ടലിലിന്റെ അവസാന ഘട്ടത്തിൽ എപ്പോഴോ മേജർ മുകുന്ദിനും വെടിയേറ്റിരുന്നു. മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തറച്ചു. ഓപ്പറേഷൻ പൂർത്തിയായതും മേജർ കുഴഞ്ഞുവീണു. ഉടൻ ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും റെജിമെന്റൽ മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
മരണാനന്തരം പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകി രാജ്യം ആ ധീരജവാനെ ആദരിച്ചു. മലയാളി കൂടിയായ ഭാര്യ ഇന്ദു റബേക്ക വർഗീസ് ഒരു തുള്ളി കണ്ണീരു പൊടിക്കാതെ അഭിമാനം സ്ഫുരിക്കുന്ന കണ്ണുകളുമായി തലയുയർത്തി നിന്ന് അശോക ചക്ര ഏറ്റുവാങ്ങി. 'മുകുന്ദ് ജീവിച്ചിരുന്നെങ്കിൽ അശോക ചക്ര വാങ്ങുക ഏറ്റവും അഭിമാനത്തോടെയാകും. അതുതന്നെയേ ഞാനും ചെയ്തുള്ളൂ. എൻ്റെ കണ്ണുനീരാകരുത്, മുകുന്ദിൻ്റെ ധീരതയാകണം ലോകം കാണുന്നത്.', എന്നായിരുന്നു അശോക ചക്ര സ്വീകരിച്ച ശേഷം ബർക്കാ ദത്തുമായുള്ള അഭിമുഖത്തിൽ ഇന്ദു പറഞ്ഞത്.
1983 ഏപ്രിൽ 12ന് ആർ വരദരാജൻ്റെയും ഗീതയുടെയും മകനായി കോഴിക്കോടാണ് മുകുന്ദ് ജനിക്കുന്നത്. ഇന്ത്യൻ ആർമിയുടെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന കുടുംബമാണ് അദ്ദേഹത്തിൻ്റേത്. മുത്തച്ഛനും അച്ഛന്റെ രണ്ട് സഹോദരന്മാരും പട്ടാളക്കാർ. ചെറുപ്പം തൊട്ടേ മുകുന്ദിന് വികാരമായിരുന്നു സൈനിക യൂണിഫോം.
ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രം; 'പണി' റിലീസ് തിയതി എത്തി, ഒപ്പം ആദ്യഗാനവും
ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിലാണ് മലയാളിയായ ഇന്ദു റെബേക്ക മുകുന്ദിന്റെ ജീവിത സഖിയായത്. തമിഴ് നടൻ മാധവൻ്റെ രൂപസാദൃശ്യം കൊണ്ട് മാഡി എന്ന് വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു. കാണാൻ അല്പം ഗൗരവക്കാരനെങ്കിലും വലിയ തമാശക്കാരനായിരുന്നുവെന്ന് ഇന്ദു ഒരിക്കൽ പറഞ്ഞിരുന്നു. മരിക്കുമ്പോൾ 31 വയസ് ആയിരുന്നു മേജർ മുകുന്ദ് വരദരാജിന്റെ പ്രായം. മകൾക്ക് മൂന്ന് വയസും. 'ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും ആകാശം തന്നെ ഇടിഞ്ഞു വീണാലും ഭയം എന്നിൽ ഒരു തരി പോലും ഉണ്ടാവില്ല..' എന്ന ഭാരതിയാരുടെ കവിതയാണ് ഭാവി ജീവിതത്തിലേക്ക് അദ്ദേഹം അവർക്കായി ബാക്കിവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..