'ആറ് പ്ലോട്ടുകള്‍ അദ്ദേഹം പറഞ്ഞു'; കമല്‍ ഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍
"അവിശ്വസനീയവും മനോഹരവുമായ അനുഭവം"
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ആരാധകരെ നേടിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. അദ്ദേഹം ഇനി ചെയ്യുന്ന ചിത്രങ്ങള്‍ക്കൊക്കെയും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിക്കൊണ്ടേയിരിക്കും പ്രേമം. കേരളത്തിനൊപ്പം തമിഴ്നാട്ടിലും വന്‍ ഹിറ്റ് ആയിരുന്നു പ്രേമം. പ്രേമത്തിന് ഒരു തമിഴ് റീമേക്ക് ആവശ്യമില്ലെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ക്യാംപെയ്ന്‍ പോലും നടത്തിയിരുന്നു അവര്‍. ഇപ്പോഴിതാ തിരശ്ശീലയിലെ തന്റെ പ്രിയ താരങ്ങളില്‍ ഒരാളെ ആദ്യമായി നേരില്‍ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ അല്‍ഫോന്‍സ്.
കമല്‍ ഹാസനെയാണ് അല്‍ഫോന്‍സ് പുത്രന്‍ കണ്ടത്. കമലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു. 10 മിനിറ്റ് കൊണ്ട് എന്‍റെ ബുക്കില്‍ ഞാന്‍ ചെറിയ കുറിപ്പുകള്‍ എടുത്തു. ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. പക്ഷേ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹം പറയുന്നത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍. അവിശ്വസനീയവും അഭൌമവും മനോഹരവുമായ ഈ അനുഭവം ഒരുക്കിയതിന് പ്രപഞ്ചത്തിന് നന്ദി. ഒപ്പം രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്നിക്കും", അല്‍ഫോന്‍സ് ട്വീറ്റ് ചെയ്തു.
അതേസമയം പ്രേമത്തിന് ശേഷം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഗോള്‍ഡിന് വിജയം ആവര്‍ത്തിക്കാനായില്ല. പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇപ്പോള്‍ ഒടിടിയില്‍ ഉണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ALSO READ : ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്