'ആ ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല'; ചിത്രം വിചാരിച്ചതുപോലെ വരാത്തതിന്‍റെ കാരണം വെളിപ്പെടുത്തി അല്‍ഫോന്‍സ്

"കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും.."

alphonse puthren reveals the reason behind the failure of gold movie prithviraj sukumaran nayanthara listin stephen nsn

മലയാളത്തില്‍ സമീപവര്‍ഷങ്ങളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നായിരുന്നു പൃഥ്വിരാജ് നായകനായ ഗോള്‍ഡ്. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു അതിന് കാരണം. എന്നാല്‍ പ്രതീക്ഷകളുടെ അമിതഭാരവുമായി എത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്ന് അല്‍ഫോന്‍സ് പുത്രന്‍ ഇടവേള എടുത്തിരുന്നു. തമിഴില്‍ ഗിഫ്റ്റ് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലായിരിക്കെ അടുത്തിടെ തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്നും സിനിമാ സംവിധാനം അവസാനിപ്പിക്കുകയാണെന്നും അല്‍ഫോന്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വലിയ ചര്‍ച്ചയായതിന് പിന്നാലെ ഈ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ ഗോള്‍ഡിന്‍റെ പരാജയത്തെക്കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം ഇട്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ പ്രേമത്തിന്‍റെ ഡിലീറ്റഡ് സീന്‍ റിലീസ് ചെയ്യുമോ എന്ന് ഒരു ആരാധകന്‍ ചോദ്യവുമായി എത്തിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറഞ്ഞത്. "ഞാന്‍ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രവുമായി യോജിക്കാത്ത രംഗങ്ങളാണ് പ്രേമത്തില്‍ ഒഴിവാക്കിയത്. ജോര്‍ജ് തിരക്കഥയുമായി യോജിക്കുമായിരുന്നില്ലെങ്കിലും മലരും തിരക്കഥയുമായി യോജിക്കുമായിരുന്നില്ല. അതിനാല്‍ ഈ ചോദ്യം എന്നോട് വീണ്ടും ചോദിക്കാതിരിക്കുക. കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു", ഇത്രയും കുറിച്ചതിന് ശേഷമാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

"നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല. കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ ഞാന്‍ എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കൈതപ്രം സാര്‍ എഴുതി, വിജയ് യേശുദാസും ശ്വേത മോഹനും പാടിയ ഗാനം എനിക്ക് ചിത്രീകരിക്കാന്‍ സാധിച്ചില്ല. ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ പാട്ടിന്‍റെ ചിത്രീകരണത്തിനായി എല്ലാ അഭിനേതാക്കളോടും രണ്ട് ദിവസത്തെ ഡേറ്റ് മാറ്റിവെക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. അതുപോലെതന്നെ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൌകര്യങ്ങളുമൊന്നും ഈ ചിത്രത്തില്‍ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് എനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക", എന്നാണ് അല്‍ഫോന്‍സ് പുത്രന്‍റെ വാക്കുകള്‍.

ALSO READ : ആകെ ആസ്‍തി 3010 കോടി! വിജയ്‍യോ രജനികാന്തോ പ്രഭാസോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios