'ഗോള്‍ഡ്' എത്തുമ്പോള്‍ അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്
പൃഥ്വിരാജ് നായകനാകുന്ന ചിത്രം ഇന്ന് റിലീസിനെത്താനിരിക്കെ അല്‍ഫോണ്‍സ് പുത്രന് പറയാനുള്ളത്.
ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരു സിനിമ ഇന്ന് എത്തുകയാണ്. 'പ്രേമം' എന്ന വൻ ഹിറ്റിനു ശേഷം 'ഗോള്‍ഡു'മായി അല്‍ഫോണ്‍സ് പുത്രൻ എത്തുമ്പോള്‍ പൃഥ്വിരാജാണ് നായകൻ എന്നതിനാല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുക സ്വാഭാവികം. പല തവണ റിലീസ് മാറ്റിവെച്ച ചിത്രം പ്രതിബന്ധങ്ങളെല്ലാം മറികടന്നാണ് ഇന്ന് എത്തുന്നത്. 'നേര'വും 'പ്രേമ'വും പോലെ 'ഗോള്‍ഡും' അപൂര്‍ണമായതാണ് എന്നാണ് ചിത്രം റിലീസ് ചെയ്യും മുന്നേ അല്‍ഫോണ്‍സ് പുത്രൻ പറയുന്നത്.
'നേര'വും 'പ്രേമ'വും പോലെ 'ഗോള്‍ഡും' ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ട് മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്‍ടപ്പെടാൻ സാധ്യത ഉണ്ട്. 'ഗോള്‍ഡ്' റിലീസാണ്. കണ്ടതിനുശേഷം ഫ്രീ ആണങ്കില്‍ ഇഷ്‍ടപ്പെട്ടാലും ഇഷ്‍ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ്‍ബാക്ക് തുറന്നുപറയണം. ആദ്യ രംഗത്തില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാൻ പറഞ്ഞ് കുളമാക്കുന്നില്ല, ബാക്കി നിങ്ങള്‍ കണ്ടിട്ട് പറ എന്നുമാണ് അല്‍ഫോണ്‍സ് പുത്രൻ ഫേസ്‍ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജിനും നയൻതാരയ്‍ക്കും പുറമ അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.
'പാട്ട്' എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
Read More: ഇടവേളകളില്ലാതെ നയൻതാരയുടെ ചിത്രം, 'കണക്റ്റി'ന് യുഎ സര്‍ട്ടിഫിക്കറ്റ്