അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മാത്യു തോമസാണ് നായകനായെത്തുന്നത്.
മാത്യു തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കപ്പ്. ബേസില്‍ ജോസഫും നിര്‍ണായക വേഷത്തിലുണ്ട്. അല്‍ഫോണ്‍ പുത്രനാണ് കപ്പ് എന്ന ചിത്രം അവതരിപ്പിക്കുന്നതെന്ന ഒരു പ്രത്യേകതയുമുണ്ട്. മാത്യു തോമസിന്റെ കപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
സംവിധാനം സഞ്‍ജു വി സാമുവേലാണ്. സഞ്‍ജു വി സാമുവേലിന്റെ കഥയ്‍ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് അഖിലേഷ് ലതാരാജും ഡെൻസണും ചേര്‍ന്നാണ്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹണം. ഷാൻ റഹ്‍മാനാണ് കപ്പിന്റെ സംഗീതം.
ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. മാത്യുവിന്റെ കപ്പ് അനന്യ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. മാത്യു തോമസിന്റെ കപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ് എന്നിവരാണ്. തൻസിൽ ബഷീറാണ് കപ്പിന്റെ ചീഫ് അസോസിയേറ്റ് ക്യാമറാമാൻ.
ബാഡ്‍മിന്റണില്‍ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാൻ അത്രമേൽ ശ്രമം നടത്തുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് 'കപ്പ് '. ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്ക്കൊപ്പം പ്രതിസന്ധികളും അവനൊപ്പം ഉണ്ടായിരുന്നു. എങ്കിലും അവൻ ശ്രമം തുടർന്നു, പക്ഷേ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും ഇത്തരത്തിൽ പറന്നുയരണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അച്ഛന്റെ മകന് ആ സ്വപ്‍നം കൂടുതൽ വിദൂരമാകുകയാണ്. അങ്ങനെയുള്ള ഈ പ്രതിസന്ധിയിൽ ചിലർ നിധിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്റെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ആ സമയതൊട്ടേ ലക്ഷ്യം ശക്തമാകുകയാണ്. പക്ഷേ.. ആ 'പക്ഷേ' യ്ക്കാണ് കപ്പ് എന്ന സിനിമയില്‍ പ്രാധാന്യം. നിധിൻ എന്ന നായകനായി മാത്യു ചിത്രത്തില്‍ വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു. കഥയിൽ നിധിന് വേണ്ടപ്പെട്ടയാള്‍ റനീഷാണ്. ബേസിലാണ് റനീഷിന്റെ അവതരിപ്പിക്കുന്നത്. പ്രധാപ്പെട്ട വ്യത്യസ്‍തമായ ഒരു റോളിൽ ചിത്രത്തില്‍ നമിത പ്രമോദും ഉണ്ട്. അനിഖ സുരേന്ദ്രനും റിയാ ഷിബുവുമാണ് ചിത്രത്തിലെ നായികമാര്‍. സ്റ്റിൽസ് സിബി ചീരൻ. പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ. വാഴൂര്‍ ജോസും മഞ്‍ജു ഗോപിനാഥുമാണ് ചിത്രത്തിന്റെ പിആര്‍ഒ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക