പ്രിയതാരത്തെ കാണാന്‍ 1600 കിമീ, എങ്ങനെ എത്തിയെന്ന് അല്ലു; മറുപടിയില്‍ ഞെട്ടി താരം
ഉത്തരേന്ത്യയില്‍ വന്‍ തരംഗമുണ്ടാക്കിയ ചിത്രമാണ് പുഷ്‍പ. രണ്ടാം ഭാഗം ഡിസംബറില്‍ തിയറ്ററുകളില്‍
കരിയറില്‍ വന്‍ ബ്രേക്ക് കൊടുക്കുന്ന ചില ചിത്രങ്ങള്‍ മിക്ക താരങ്ങള്‍ക്കും ഉണ്ടാവും. അല്ലു അര്‍ജുനെ സംബന്ധിച്ച് അത് പുഷ്പ ആയിരുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കും തന്നെ പരിചയപ്പെടുത്തി എന്നതാണ് അല്ലു അര്‍ജുന് പുഷ്പ കൊണ്ടുണ്ടായ പ്രധാന നേട്ടം. ഇപ്പോഴിതാ ഒരു ഉത്തരേന്ത്യന്‍ ആരാധകന്‍ അദ്ദേഹത്തെ കാണാനെത്തിയതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് സൈക്കിളില്‍ സഞ്ചരിച്ചാണ് ഇയാള്‍ പ്രിയതാരത്തെ കാണാന്‍ എത്തിയത്.
യുപിയില്‍ നിന്നാണ് വരുന്നതെന്ന് പറയുമ്പോള്‍ എങ്ങനെയാണ് വന്നതെന്ന് അല്ലു അര്‍ജുന്‍ ചോദിക്കുന്നുണ്ട്. സൈക്കിളിലാണ് വന്നതെന്ന് പറയുമ്പോള്‍ അമ്പരക്കുന്ന അല്ലു അര്‍ജുനെ വീഡിയോയില്‍ കാണാം. മടക്കയാത്രയ്ക്ക് ട്രെയിനിലോ വിമാനത്തിലോ ടിക്കറ്റ് തരപ്പെടുത്താന്‍ സഹായികളോട് നിര്‍ദേശിക്കുകയാണ് തുടര്‍ന്ന് അല്ലു അര്‍ജുന്‍. പ്രിയതാരത്തെ ആദ്യമായി നേരില്‍ കാണുന്നതിന്‍റെ ആവേശത്തിലാണ് ആരാധകന്‍. തിരികെ സൈക്കിളില്‍ മടങ്ങരുതെന്നും ആരാധകനോട് അല്ലു നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം പാന്‍ ഇന്ത്യന്‍ കാത്തിരിപ്പുള്ള ചിത്രം പുഷ്പ 2 ന്റെ റിലീസ് ഡിസംബര്‍ 6 ന് ആണ്. അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ് ആണ്. ചിത്രത്തില്‍ പ്രതിനായകനാവുന്നത് ഫഹദ് ഫാസില്‍ ആണ്. രശ്മിക മന്ദാനയാണ് നായിക. ഫഹദിന്‍റെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് അറിയുന്നത്. കഥ ചോരാതെ ഇരിക്കാനായി ക്ലൈമാക്സ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് സുകുമാര്‍ ചിത്രീകരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ALSO READ : ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍; 'ഒരു വടക്കൻ തേരോട്ടം' വരുന്നു