'പുഷ്‍പ 2' പ്രീമിയറിനിടെ ആരാധിക മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

പുഷ്‍പ റിലീസിന് തലേന്ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ അല്ലു അര്‍ജുന്‍ എത്തിയിരുന്നു

allu arjun arrested by police on death of a fan named revathi while premiere show of pushpa 2

ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്.

ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്. 

അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ. മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്‍റ്, അല്ലുവിന്‍റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്‍, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം അല്ലു അര്‍ജുന്‍ ഈ കേസില്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ കോടതി കേസ് ഫയലില്‍ സ്വീകരിച്ചിട്ടേയുള്ളൂ. നടന്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്‍റെ നടപടി. 

ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന്‍ ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി ബുധനാഴ്ച രാത്രി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞ‌തിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന്‍ ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. 

അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സംഭവം നടന്നതിൽ ഹൃദയം തകർന്നു. വൈകാതെ ആ കുടുംബാംഗങ്ങളെ നേരിട്ട് കാണാൻ എത്തും. ഇപ്പോൾ അവരുടെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്. കുടുംബത്തിന്  25 ലക്ഷം ധനസഹായം നൽകും, അല്ലു അര്‍ജുന്‍ അറിയിച്ചിരുന്നു.

ALSO READ : ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios