'പുഷ്‍പ 2' ദുരന്തം; അല്ലു അർജുൻ സ്ഥിരം ജാമ്യാപേക്ഷ നൽകി

നിലവില്‍ ഇടക്കാല ജാമ്യത്തിലാണ് അല്ലു അര്‍ജുന്‍

allu arjun approached court for permanent bail in pushpa 2 stampede

പുഷ്‍പ 2 പ്രീമിയര്‍ വേദിയായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശം നല്‍കിയിട്ടുണ്ട്. 

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകന്‍ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണ്. 

നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ ഈ മാസം 13 ന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 14 ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തിരുന്നു. 

അതേസമയം തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും അറിയിച്ചിരുന്നു. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക.

ALSO READ : ഗോത്ര വൈദ്യം പ്രമേയമാക്കി സിനിമ; 'ആദി മര്ന്ത്' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios