'ഒരിക്കൽ കൂടി.. ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല'; നോവായി ഫോട്ടോ
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിന്റെ അതുല്യ കലാകാരൻ ഇന്നസെന്റിന്റെ ഓർമകളാണ് സോഷ്യൽ മീഡിയ നിറയെ. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തിൽ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. 'ഒരിക്കൽ കൂടി.... ഇനിയൊരു മേക്കപ്പ് ഇടൽ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകർത്ത അഭിനയ മികവ് എന്നും നിലനില്ക്കും', എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം, കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നിന്നും ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ടനടൻ്റെ സംസ്കാരം.
ചിലർ വിങ്ങൽ ഉള്ളിലടക്കി, കണ്ണീരടക്കാനാകാതെ മറ്റുചിലർ; ഇന്നസെന്റിന് മലയാള സിനിമയുടെ വിട
നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972 - ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെന്‍റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. കേരളക്കര ഒന്നടങ്കം നടനെ ഏറ്റെടുത്തു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചിരുന്നു. 2022 ൽ പുറത്തിറങ്ങിയ 'മകൾ', 'കടുവ' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. 750 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനനയിച്ചിട്ടുണ്ട്.