'പ്രേക്ഷകരെയല്ല ഞാന്‍ കുറ്റപ്പെടുത്തുക'; തുടര്‍ പരാജയങ്ങളില്‍ ആദ്യ പ്രതികരണവുമായി അക്ഷയ് കുമാര്‍

രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ സൂര്യവന്‍ശിയാണ് (2021) ബോക്സ് ഓഫീസില്‍ വിജയം നേടിയ അവസാന അക്ഷയ് കുമാര്‍ ചിത്രം

akshay kumar reacts to consecutive flops selfiee raksha bandhan ram setu samrat prithviraj nsn

ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ള താരമാണ് അക്ഷയ് കുമാര്‍. ബോക്സ് ഓഫീസിലെ സ്ട്രൈക്ക് റേറ്റില്‍ ഖാന്‍ ത്രയത്തേക്കാള്‍ മുന്നിലുള്ള താരം. പക്ഷേ കൊവിഡ് കാലത്തിനു ശേഷം ബോളിവുഡ് നേരിട്ട മൊത്തത്തിലുള്ള തകര്‍ച്ചയില്‍ അക്ഷയ് കുമാറിനും രക്ഷയില്ല. ഷാരൂഖ് ഖാന്‍റെ പഠാന്‍ ബോളിവുഡിന്‍റെ തന്നെ തിരിച്ചുവരവ് ആയിരിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യം അങ്ങനെയല്ല. പഠാന് ശേഷമെത്തിയ ബോളിവുഡിലെ വലിയ റിലീസ് ആയ അക്ഷയ് കുമാറിന്‍റെ സെല്‍ഫി ബോക്സ് ഓഫീസില്‍ കിതയ്ക്കുകയാണ്. 2009 നു ശേഷം ഒരു അക്ഷയ് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ ഓപണിംഗ് ആണ് സെല്‍ഫിയുടേതെന്നാണ് വിലയിരുത്തലുകള്‍. ഇപ്പോഴിതാ തന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടി പ്രേക്ഷകശ്രദ്ധ നേടുകയാണ്.

ഒന്ന് ഇരുന്ന് ആലോചിച്ച് കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം തിരുത്താനുള്ള അവസരമാണ് തുടര്‍ പരാജയങ്ങള്‍ നല്‍കുന്നതെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്ഷയ്. നാല് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്ഷയ് കുമാറിന്‍റെ മറുപടി ഇങ്ങനെ- "എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി 16 പരാജയങ്ങള്‍ സംഭവിച്ച ഒരു സമയമുണ്ടായിരുന്നു എനിക്ക്. മറ്റൊരിക്കല്‍ നായകനായ എട്ട് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. പക്ഷേ അത് സ്വന്തം വീഴ്ച കൊണ്ട് സംഭവിക്കുന്നതായാണ് എന്‍റെ വിലയിരുത്തല്‍. ഇന്നത്തെ പ്രേക്ഷകര്‍ ഒരുപാട് മാറി. താരങ്ങള്‍ അതിനനുസരിച്ച് മാറേണ്ടതുണ്ട്. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുകയാണ് ഞാന്‍. അത് മാത്രമാണ് എനിക്ക് ചെയ്യാനാവുക. പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തേണ്ടതില്ല. ഇത് 100 ശതമാനം എന്‍റെ വീഴ്ചയാണ്", അക്ഷയ് കുമാര്‍ പറഞ്ഞു.

രോഹിത്ത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ സൂര്യവന്‍ശിയാണ് (2021) ബോക്സ് ഓഫീസില്‍ വിജയം നേടിയ അവസാന അക്ഷയ് കുമാര്‍ ചിത്രം. പിന്നാലെയെത്തിയ ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, രാം സേതു എന്നീ ചിത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. അതേസമയം നിരവധി പ്രോജക്റ്റുകളാണ് അക്ഷയ്‍യുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒഎംജി ഓ മൈ ഗോഡ്, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍, കാപ്സ്യൂള്‍ ഗില്‍, ഹേര ഫേരി 4, സൂരറൈ പോട്ര് ഹിന്ദി റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്‍റേതായി വരാനിരിക്കുന്നത്.

ALSO READ : ശനിയാഴ്ചയും രക്ഷയില്ല; അക്ഷയ് കുമാറിന്‍റെ 'സെല്‍ഫി' രണ്ട് ദിവസം കൊണ്ട് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios