'പൃഥ്വിരാജ്' എന്ന പേര് മാറ്റണം; അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണ്ണി സേന
റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സിനിമ സ്ക്രീൻ ചെയ്യണമെന്ന നിര്‍ദ്ദേശവും നേതാക്കൾ മുന്നോട്ട് വച്ചിട്ടുണ്ട്.
ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണ്ണി സേന. 'പൃഥ്വിരാജ്' എന്ന സിനിമയുടെ പേര് മാറ്റണമെന്നാണ് കര്‍ണ്ണി സേനയുടെ ആവശ്യം. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്.
മഹത്തായ പൃഥ്വിരാജ് ചൗഹാന്റെ കഥപറയുമ്പോൾ അവർക്ക് എങ്ങനെ ചിത്രത്തിന്റെ ശീർഷകം ‘പൃഥ്വിരാജ്’ ആയി നിലനിർത്താനാകും? തലക്കെട്ട് അദ്ദേഹത്തിന്റെ മുഴുവൻ പേരിലേക്ക് മാറ്റുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞു.
റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സിനിമ സ്ക്രീൻ ചെയ്യണമെന്ന നിര്‍ദ്ദേശവും നേതാക്കൾ മുന്നോട്ട് വച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് 'പൃഥ്വിരാജ്' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona