'ആടുജീവിതം' ലൊക്കേഷനില്‍ പുതിയ സിനിമ പൂര്‍ത്തിയാക്കി അക്ഷയ് കുമാര്‍; ചിത്രങ്ങള്‍
ചിത്രത്തില്‍ പൃഥ്വിരാജ് ആണ് പ്രതിനായകന്‍
വാദി റം മരുഭൂമിയുടെ പേര് മലയാളികളില്‍ പലരും ആദ്യമായി കേട്ടത് കൊവിഡ് സമയത്ത് ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്. മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസി- പൃഥ്വിരാജ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് ജോര്‍ദാനിലെ ഈ സ്ഥലം. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഇവിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രമാണ് വാദി റം മരുഭൂമിയില്‍ പുതുതായി ചിത്രീകരിച്ചിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നൂറിലധികം ദിവസം നീണ്ട ചിത്രീകരണത്തിനാണ് വാദി റം മരുഭൂമിയില്‍ അവസാനമായിരിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജ് ആണ് പ്രതിനായകനായി എത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഒരാഴ്ച മുന്‍പെത്തിയ ചിത്രത്തിന്‍റെ ടീസര്‍ പൃഥ്വിരാജിന്‍റെ മലയാളം സംഭാഷണത്തിലാണ് ആരംഭിച്ചത്. സലാറിന് ശേഷം പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തുന്ന മറുഭാഷാ ചിത്രമായിരിക്കും ഇത്.
കബീര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡില്‍ പൃഥ്വിയുടെ മുന്‍ ചിത്രങ്ങള്‍. ജാക്കി ഭഗ്‍നാനിയും ദീപ്‍ശിഖ ദേശ്‍മുഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയും മാനുഷി ഛില്ലാറും അലയ എഫും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ബോക്സ് ഓഫീസില്‍ ഒരു വിജയം നേടുക അക്ഷയ് കുമാറിനെ സംബന്ധിച്ച് അടിയന്തര ആവശ്യമാണ് ഇപ്പോള്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങളുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് കാലത്ത് ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ അക്ഷയ് ചിത്രങ്ങളും നിരനിരയായി തകര്‍ന്നിരുന്നു. സൂര്യവന്‍ശി മാത്രമാണ് അതിന് അപവാദമായി മാറിയത്. പഠാനിലൂടെ ഷാരൂഖ് ഖാന്‍ വന്‍ തിരിച്ചുവരവ് നടത്തിയത് പോലെ അക്ഷയ് കുമാറിനും ഒരു ചിത്രം വരണമെന്ന് ബോളിവുഡ് വ്യവസായം ആഗ്രഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം