ഫാന്‍സിനെ ഉണ്ടാക്കിയ 'ഹംസ' വന്നത് ഇങ്ങനെ: ഹംസധ്വനിയുടെ ഓഡിഷൻ വീഡിയോ പങ്കുവച്ച് അഖിൽ സത്യൻ

സിനിമയിലേക്ക് അഖിലിന് ‘ഹംസധ്വനി’യെ കിട്ടിയ കഥയും വിഡിയോയ്‌ക്കൊപ്പം അഖില്‍ പങ്കുവയ്ക്കുന്നുണ്ട്. 

akhil sathyan share audition video of actress anjana jayaprakash as hamsadhwani vvk

കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ തീയറ്ററിലും, പിന്നീട് ഒടിടിയിലും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ചിത്രത്തില്‍ ഫഹദിന്‍റെ പാച്ചു എന്ന പ്രശാന്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് നായികയായ ഹംസധ്വനി എന്ന നായികാ കഥാപാത്രവും.  അഞ്ജന ജയപ്രകാശാണ് ഈ വേഷം ചെയ്തത്. ഇപ്പോള്‍  അഞ്ജനയുടെ ജന്മദിനത്തില്‍ ‘പാച്ചുവും അത്ഭുതവിളക്കിലും’ ഹംസധ്വനിയായി അഞ്ജന എത്താന്‍ ഇടയാക്കിയ ഓഡിഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍. 

കൂടെ സിനിമയിലേക്ക് അഖിലിന് ‘ഹംസധ്വനി’യെ കിട്ടിയ കഥയും വിഡിയോയ്‌ക്കൊപ്പം അഖില്‍ പങ്കുവയ്ക്കുന്നുണ്ട്. 2019 ല്‍ തുടങ്ങിയ യാത്രയാണെന്നും. എന്നാല്‍  2023 ജൂൺ എത്തുമ്പോള്‍ എന്റെ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകർ നിർമിച്ച റീലുകളും നിറഞ്ഞിരിക്കുന്നു എന്ന് സംവിധായകന്‍ പോസ്റ്റില്‍ പറയുന്നു. ഒരു വലിയ ‘ഹംസ’ ഫാന്‍സിനെ ഞാൻ കാണുന്നുണ്ട് അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നുണ്ടെന്ന് അഖില്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

"2019 അവസാനത്തില്‍ അർദ്ധരാത്രിയിലാണ് എന്റെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത എനിക്കയച്ച ഒരു ഇമെയിൽ ഞാൻ അതുവരെ കണ്ടുവച്ചിരുന്ന ‘ഹംസധ്വനി’റോളിലേക്കുള്ളവരെയൊക്കെ മാറ്റാന്‍ ഇടയാക്കി. അന്ന് ഞങ്ങൾ പാച്ചുവിന് അനുയോജ്യയായ ഹംസയെ കണ്ടെത്തി. അഞ്ജന ജയപ്രകാശിന്‍റെ ഈ സെൽഫ് ഓഡിഷൻ ക്ലിപ്പ് ആയിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. അടുത്ത ദിവസം തന്നെ അവൾ ഞങ്ങളുടെ ‘ഹംസയാ’യി മാറി.

മഹാമാരി ഉൾപ്പെടെ മൂന്ന് വർഷവും ആറ് ഷെഡ്യൂളുകളും നിരവധി തടസ്സങ്ങളും അതിജീവിക്കേണ്ടി വന്നതിനാൽ 2022 അവസാനത്തോടെ മാത്രമാണ് അഞ്ജന ഷൂട്ടിൽ ജോയിൻ ചെയ്തത്. ഈ അനിശ്ചിതത്വത്തിലായ വർഷങ്ങളിലെല്ലാം ഈ ഓഡിഷൻ ക്ലിപ്പ് ഹംസധ്വനിയുടെയും അവളുടെ ആഴമേറിയ വികാരങ്ങളുടെയും ലോകത്തേക്ക് കടക്കാൻ എന്നെ സഹായിച്ചു.

അതെ, സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് അവളെക്കുറിച്ചുള്ളതാണ്. ഇപ്പോൾ 2023 ജൂൺ ആകുമ്പോള്‍ എന്‍റെ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ഹംസധ്വനിയുടെ പോസ്റ്റുകളും ലേഖനങ്ങളും ആരാധകർ നിർമിച്ച റീലുകളും നിറഞ്ഞിരിക്കുന്നു. ഒരു വലിയ ‘ഹംസ’ ആരാധകവൃന്ദത്തെ ഞാൻ കാണുന്നുണ്ട് അഞ്ജന അത് അർഹിക്കുകയും ചെയ്യുന്നു.

PS : ഈ ക്ലിപ്പിൽ ഞാൻ ഉപയോഗിച്ച ട്രാക്ക് സുദീപ് പാലനാടിന്റെ 'ബാലെ' എന്ന ഗാനത്തിന്റെ സോൾഫുൾ ഇൻസ്ട്രുമെന്റൽ പതിപ്പാണ്.  ഈ സീനിന്റെ യഥാർഥ സ്കോർ എന്റെ സ്വന്തം ജസ്റ്റിൻ പ്രഭാകരൻ പെട്ടെന്ന് വായിച്ച ഒരു ഗിറ്റാർ നോട്ടാണ്.  ഈ രംഗം കണ്ടയുടനെ എന്റെ കൺമുന്നിൽ വച്ചാണ് അദ്ദേഹം സ്കോർ വായിച്ചത്. ജസ്റ്റിൻ വളരെ നാളുകൾക്ക് ശേഷം ഗിറ്റാർ വായിച്ചു, അതിന് കാരണം ഹംസധ്വനി ആയിരുന്നു....അതെ, അഞ്ജന ജയപ്രകാശിന് ജന്മദിനാശംസകൾ.’’

'പ്രിയ പാച്ചു, നീയെന്‍റെ ഹൃദയം കീഴടക്കി'; ഫഹദിന് കീരവാണിയുടെ വാട്‍സ്ആപ്പ് മെസേജ്

'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ പാട്ടുകൾക്ക് പിന്നിലെ വിസ്മയങ്ങൾ ഇവരാണ്

Latest Videos
Follow Us:
Download App:
  • android
  • ios