'അത് അവര്‍ക്കുള്ളതായിരുന്നില്ല': അജിത്ത് ആരാധകരെ നിരാശപ്പെടുത്തി നിര്‍മ്മാതാക്കള്‍; ഫാന്‍സ് കലിപ്പില്‍.!
ഇതുവരെ വന്ന അപ്ഡേറ്റില്‍ മഗിഴ് തിരുമേനിയായിരിക്കും 'എകെ62' സംവിധാനം ചെയ്യുക എന്നത് മാത്രമാണ് പുറത്ത് അറിയാവുന്നത്.
ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്ത് ചിത്രത്തിന്‍റെ അപ്ഡേറ്റിനായി. തുനിവിന് ശേഷം വിഘ്നേശ് ശിവനുമായി പ്രഖ്യാപിച്ച പ്രൊജക്ട് ഉപേക്ഷിച്ചാണ് അജിത്ത് മഗിഴ് തിരുമേനിയെ തന്‍റെ അടുത്ത ചിത്രത്തിന്‍റെ സംവിധായകനാക്കിയത്. ലൈക്ക പ്രൊഡക്ഷന്‍സാണ് അജിത്തിന്‍റെ അടുത്ത പടം നിര്‍മ്മിക്കുന്നത്.
ഇതുവരെ വന്ന അപ്ഡേറ്റില്‍ മഗിഴ് തിരുമേനിയായിരിക്കും 'എകെ62' സംവിധാനം ചെയ്യുക എന്നത് മാത്രമാണ് പുറത്ത് അറിയാവുന്നത്. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ 'എകെ62' നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം. എന്നാല്‍ പ്രൊഡക്ഷന്‍ ഹൌസ് ഔദ്യോഗികമായി ഇത് അറിയിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടത്. മാര്‍ച്ച് 2 രാവിലെ 10.30ന് വലിയ അപ്ഡേറ്റ് വരുന്നുവെന്നാണ് ഈ പോസ്റ്റ് പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അജിത്ത് ആരാധകര്‍ ആഘോഷം തുടങ്ങി. എകെ 62 എന്ന ഹാഷ്ടാഗോടെ പോസ്റ്റുകള്‍ പറന്നു. രാവിലെ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അജിത്ത് ആരാധകര്‍ പ്രതീക്ഷിച്ചത്.
അങ്ങനെ സമയം എത്തി, പക്ഷെ അജിത്ത് ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ അത് സിനിമ ലോകത്ത് വലിയ സര്‍പ്രൈസുമായിരുന്നു. രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ ലൈക പ്രഖ്യാപിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ പുതിയ പ്രൊജക്റ്റിലാണ് രജനികാന്ത് നായകനാകുക. 'തലൈവര്‍ 170' എന്നാണ് രജനികാന്ത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്യാനാണ് ആലോചന എന്നാണ് വിവരം.
ചിത്രത്തിന്റ പ്രമേയം സംബന്ധിച്ച് സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. അനിരുദ്ധ് ആയിരിക്കും സംഗീത സംവിധായകൻ. 'ജയിലര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്. എന്തായാലും അജിത്ത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രോഷത്തിലാണ് എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. പലപ്പോഴും അജിത്ത് സിനിമകള്‍ അപ്ഡേറ്റുകള്‍ നല്‍കാന്‍ വൈകുന്ന രീതി ഇവിടെയും തുടരുകയാണ് എന്നാണ് ഇവരുടെ പരാതി.
കടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; 'ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്' ടീസര്‍
ഷാരൂഖിന്‍റെ ജവാനില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും 'നോ' പറഞ്ഞ് അല്ലു അർജുൻ ; കാരണം ശ്രദ്ധേയം.!