Aisha Sulthana : 'എന്റെ നേരാണ് എന്റെ തൊഴിൽ'; '124(A)' പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന
തന്റെ പിറന്നാൾ ദിവസത്തിലാണ് ഐഷ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കേസില്‍ ചോദ്യം ചെയ്യപ്പെട്ട ഐഷ സുല്‍ത്താന(Aisha Sulthana) തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 124(A) എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡാണ് 124.‘ഐഷ സുല്‍ത്താന ഫിലിംസ്’ എന്ന ബാനറില്‍ ഐഷ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, സംഗീതം-വില്യം ഫ്രാന്‍സിസ്. ചിത്രത്തിന്റെ പോസ്റ്റര്‍ ലാല്‍ ജോസ് പുറത്ത് വിട്ടു.
തന്റെ പിറന്നാൾ ദിവസത്തിലാണ് ഐഷ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പത്രത്തിന്റെ മാതൃകയിലാണ് ടൈറ്റിൽ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപ് സംവിധായികക്കെതിരെ രാജ്യദ്രോഹകുറ്റം, സേവ് ലക്ഷദ്വീപ് എന്നിങ്ങനെ രണ്ട് വാര്‍ത്തകളാണ് പോസ്റ്ററില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഐഷ സുല്‍ത്താനയുടെ വാക്കുകൾ
ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം. ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്തു ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,"ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു...
ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു...ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി എന്റെ നേരാണ് എന്റെ തൊഴിൽ, വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം...
ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു... ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ് We fall only to rise again...
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, കലാ സംവിധാനം: ബംഗ്ലൻ, ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി: രെഞ്ചു രാജ് മാത്യു, കോസ്റ്റിയൂം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: രാജ് വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി കുട്ടമ്പുഴ, ലൈൻ പ്രൊഡ്യൂസഴ്സ്: പ്രശാന്ത് ടി.പി., യാസർ അറാഫത് ഖാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാത്യു തോമസ്, പ്രൊജക്റ്റ് ഡിസൈനർ: നാദി ബക്കർ, പ്രണവ് പ്രശാന്ത്, പോസ്റ്റർ ഡിസൈനർ: ഹസീം മുഹമ്മദ്, സ്റ്റിൽ ഫോട്ടോഗ്രാഫിയ്: രാജേഷ് നടരാജൻ