സഹോദരിമാര്‍ക്കൊപ്പം ചുവടുവച്ച് അഹാന കൃഷ്‍ണ- വീഡിയോ
അഹാൻസ് കൃഷ്‍ണയുടെ ഡാൻസ് റീല്‍.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. അഹാന കൃഷ്‍ണയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ഇവരെല്ലാവരും സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ്. ഇപ്പോഴിതാ ഒരു ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ റീല്‍ അഹാന കൃഷ്‍ണ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
അഹാന കൃഷ്‍ണ ഇനി നായികയാകുന്നത് അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന ഒരു മൈക്രോ വെബ് സീരിസിലാണ്. 'മി മൈസെല്‍ഫ് ആൻഡ് ഐ' എന്നാണ് വെബ് സീരിസന്റെ പേര്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്.
അഹാന കൃഷ്‍ണ പ്രധാന വേഷത്തിലെത്തുന്ന സീരിസിൽ മീരാ നായരും നവാഗതയായ കാർത്തി വിഎസും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം യൂട്യൂബർ അരുൺ പ്രദീപും, സംസ്ഥാന അവാർഡ് ലഭിച്ച 'ആവാസവ്യൂഹം' എന്ന ചിത്രത്തിത്തിലൂടെ ശ്രദ്ധേയനായ രാഹുൽ രാജഗോപാലും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 11th hour productions ആണ് 'മി മൈസെല്‍ഫ് ആൻഡ് ഐ' എന്ന സീരീസ് പുറത്തിറക്കുന്നത്. ഇവരുടെ ഷോർട്ട് ഫിലിമുകളും സീരിസുകളും മുൻപും ജനശ്രദ്ധ നേടിയിട്ടുണ്ട്. 'ജാനകി' എന്ന വെബ് സീരീസിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. അഹാന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും നടൻ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ച ട്രെയിലറിനും ലഭിച്ചത് മികച്ച പ്രതികരണമാണ്.
രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് രവി ആയിരുന്നു. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.
Read More : ലാല്‍ ജോസിന്റെ 'സോളമന്റെ തേനീച്ചകള്‍', ട്രെയിലര്‍