'ഏജന്‍റ് ടീന റിപ്പോര്‍ട്ടിംഗ്'; 'വിക്ര'ത്തിലെ താരം വിജയ്‍ക്കൊപ്പം 'ലിയോ'യിലും

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്

agent tina vasanthi in leo movie 2023 vijay lokesh kanagaraj nsn

ഓരോ പബ്ലിസിറ്റി മെറ്റീരിയല്‍ എത്തുമ്പോഴും പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിവരുന്ന ചിത്രമാണ് ലിയോ. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നലെ വരെ ദളപതി 67 എന്ന് വിളിക്കപ്പെട്ട ചിത്രത്തിന്‍റെ പേര് ലിയോ എന്നാണ്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ചിത്രം എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വിന്‍റെ ഭാഗമാണെന്ന് ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകേഷ് ആരാധകര്‍ പുതിയ ചിത്രത്തിലും അതിനുള്ള സാധ്യതകള്‍ പരമാവധി ആരായുന്നുമുണ്ട്. പബ്ലിസിറ്റി മെറ്റീരിയലുകളിലെ സൂക്ഷ്മാംശങ്ങളില്‍ അതിനായുള്ള തെരച്ചില്‍ നടത്തുന്നുമുണ്ട്. 

കൈതിയില്‍ നെപ്പോളിയന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോര്‍ജ് മരിയന്‍റെ പൂജ ചടങ്ങിലെ സാന്നിധ്യം ലോകേഷ് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. എല്‍സിയുവിന്‍റെ ഭാഗമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു താരവും ലിയോയില്‍ ഉണ്ട് എന്നത് ലോകേഷ്, വിജയ് ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാര്‍ത്തമാനമാണ്. കമല്‍ ഹാസന്‍ നായകനായ വിക്രത്തില്‍ ഏജന്‍റ് ടീനയെ അവതരിപ്പിച്ച വാസന്തിയാണ് ലോകേഷിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നത്. കശ്മീര്‍ ഷെഡ്യൂളിനായി ഫ്ലൈറ്റില്‍ കയറുന്ന ചിത്രീകരണ സംഘത്തിന്‍റെ ഒരു വീഡിയോ അണിയറപ്രവര്‍ത്തകര്‍ ടീസറിന് മുന്‍പായി പുറത്തുവിട്ടിരുന്നു. അതില്‍ വാസന്തിയും ഉണ്ട്. വീഡിയോ പുറത്തെത്തിയതിനു പിന്നാലെ ഏജന്‍റ് ടീന എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ടോപ്പിക്കും ആയിരുന്നു.

ALSO READ : വിജയ് ദേവരകൊണ്ടയ്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനു പാപ്പച്ചന്‍; കാരണം തേടി ആരാധകര്‍

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Latest Videos
Follow Us:
Download App:
  • android
  • ios