'പോഗോ ചാനലിനാണോ സാറ്റലൈറ്റ് റൈറ്റ്'? ട്രോളില്‍ മുങ്ങി 'ആദിപുരുഷ്' ടീസര്‍
വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം
ബോളിവുഡില്‍ അടുത്ത വര്‍ഷം സംഭവിക്കാനിരിക്കുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് ആദിപുരുഷ്. രാമായണത്തെ അടിസ്ഥാനമാക്കി ഓം റാവത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിത്തോളജിക്കല്‍ ചിത്രം. ശ്രീരാമന്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് അയോധ്യയില്‍ സരയൂ തീരത്താണ് ഇന്ന് നടന്നത്. പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ പുറത്തെത്തിയ ടീസര്‍ പക്ഷേ കൈയടികളേക്കാള്‍ വിമര്‍ശനങ്ങളാണ് ഏല്‍ക്കുന്നത്.
ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നായിരുന്നു പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. 500 കോടിക്ക് ഇത്ര നിലവാരമില്ലാത്ത വിഎഫ്എക്സ് ആണോ ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്‍റെ ചോദ്യം. ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എത്തിയ ടീസര്‍ റിയാക്ഷന്‍ വീഡിയോകളില്‍ മിക്കതിലും കണക്കറ്റ പരിഹാസമാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അങ്ങനെ തന്നെ. പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമെന്നാണ് പ്രചരിക്കുന്ന ഒരു തമാശ. അതേസമയം പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാവും ചിത്രമെന്നും ഫൈനല്‍ പ്രോഡക്റ്റ് ഇതിനേക്കാളൊക്കെ മെച്ചമാവുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്ന പ്രേക്ഷകരും ഇക്കൂട്ടത്തിലുണ്ട്.
ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മനോജ് മുന്താഷിര്‍ ആണ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.