റിലീസിന് മുന്‍പ് ബജറ്റിന്‍റെ 85 ശതമാനവും തിരിച്ചുപിടിച്ച് 'ആദിപുരുഷ്'; വന്‍ നേട്ടവുമായി പ്രഭാസ് ചിത്രം

500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്

adipurush recovers 432 crores before release prabhas om raut nsn

ഒരു ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ്, പ്രധാന താരത്തിന്‍റെ നിലവിലെ വിപണിമൂല്യം എന്നിവയൊക്കെ അളക്കാന്‍ സാധിക്കുന്ന മാനകമാണ് അതില് ലഭിക്കുന്ന പ്രീ റിലീസ് ബിസിനസ്. വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചില ചിത്രങ്ങള്‍ വിവിധ റൈറ്റ്സുകളുടെ വില്‍പ്പനയിലൂടെ നേടുന്ന തുകയില്‍ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ആ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്‍റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂണ്‍ 16 നാണ് ചിത്രത്തിന്‍റെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ,  സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

ALSO READ : മാപ്പ് കുറേയായി പറയുന്നുവെന്ന് അഖില്‍ മാരാര്‍; മാപ്പ് പറയേണ്ടെന്ന് മോഹന്‍ലാല്‍

WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios