എങ്ങനെയുണ്ട് 'ആദിപുരുഷ്'? ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ
500 കോടി ബജറ്റില്‍ ഒരുങ്ങിയ എപിക് മിത്തോളജിക്കല്‍ ചിത്രം
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ നായകന്‍ ബാഹുബലി താരം പ്രഭാസ് ആണെന്നതും ചിത്രത്തിന്‍റെ വിപണിമൂല്യം ഉയര്‍ത്തിയ ഘടകമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഇന്ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ പ്രധാന കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ട്വിറ്ററില്‍ പ്രേക്ഷകരുടെയും ട്രേഡ് അനലിസ്റ്റുകളുടെയും ആദ്യ പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രാമായണകഥയുടെ ചലച്ചിത്രാവിഷ്കാരമെന്ന നിലയില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രത്തെ പ്രശംസിക്കുമ്പോള്‍ സാങ്കേതിക മേഖലകളിലടക്കം ചിത്രം മോശം അനുഭവമാണ് നല്‍കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ദൃശ്യപരമായി മികച്ചു നില്‍ക്കുന്ന ചിത്രമാണിതെന്ന് തെലുങ്ക് നിര്‍മ്മാതാവ് ശ്രീനിവാസ കുമാര്‍ ട്വീറ്റ് ചെയ്തു. മികച്ച സ്ക്രീന്‍ പ്രസന്‍സ് അറിയിച്ചിരിക്കുന്ന പ്രഭാസിന്‍റെ രൂപത്തില്‍ ഭാവി തലമുറ ശ്രീരാമനെ ഭാവനയില്‍ കാണുമെന്ന് കൂടി ശ്രീനിവാസ കുമാര്‍ കുറിക്കുന്നു. കണ്ട് മറക്കാവുന്ന ചിത്രമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റഅ മനോബാല വിജയബാലന്‍റെ ട്വീറ്റ്. ഓം റാവത്തിന്‍റെ സംവിധാനം പോരായ്മ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം പ്രഭാസിന്‍റെ സ്ക്രീന്‍ പ്രസന്‍സിനെ പ്രശംസിക്കുന്നുമുണ്ട്. മികച്ച താരനിരയും സാങ്കേതിക പ്രവര്‍ത്തകരും ഉണ്ടായിട്ടും ഫൈനല്‍ പ്രോഡക്റ്റില്‍ അത് പ്രതിഫലിച്ചിട്ടില്ലെന്നും മനോബാല കുറിച്ചു.
ഇത്രയും വലിയ ബജറ്റ് നല്‍കിയ അവസരം കുറച്ചുകൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു. ദൈര്‍ഘ്യം അല്‍പംകൂടി കുറയ്ക്കാമായിരുന്നു. വിഎഫ്എക്സിലും കൂടുതല്‍ ശ്രദ്ധ നല്‍കാമായിരുന്നു, മനോബാല തുടരുന്നു. രണ്ടാം പകുതി ഇഴച്ചില്‍ അനുഭവിപ്പിക്കുന്നുണ്ടെങ്കിലും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിരവധി നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ഫിലിം ബഫ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിക്കുന്നു. പുരാണസിനിമയിലെ ഫ്രെയ്മുകളില്‍ അശ്രദ്ധ മൂലം വന്നുചേര്‍ന്നിട്ടുള്ള പുതുലോകത്തിലെ ചില ഘടകങ്ങളെക്കുറിച്ചുള്ളതാണ് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജിന്‍റെ ട്വീറ്റ്.
പ്രീ റിലീസ് ബുക്കിംഗില്‍ തമിഴ്നാട്ടിലും കേരളത്തിലുമൊഴികെ വന്‍ പ്രതികരണമാണ് ചിത്രം നേടിയിരുന്നത്. ആദ്യദിന അഭിപ്രായങ്ങള്‍ ചിത്രത്തിന്‍റെ കളക്ഷനെ എത്തരത്തില്‍ സ്വാധീനിക്കുമെന്ന് അറിയാനുള്ള കാത്തിരുപ്പിലാണ് ബോളിവുഡ്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്‍റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപ ചിത്രം സമാഹരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ