'സുരക്ഷയുടെ ചെലവ് പറഞ്ഞ് ഒഴിവാക്കരുത്'; ഷക്കീല പറയുന്നു
"ഒമര്‍ ലുലു എന്നെ വിളിച്ചത് നല്ല ഒരു തുടക്കമിടാന്‍ വേണ്ടി ആയിരുന്നു. പക്ഷേ അത് നടന്നില്ല."
ഷക്കീല മുഖ്യാതിഥി ആയതിനാല്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചിന് കോഴിക്കോട്ടെ ഒരു മാളില്‍ ഇന്നലെ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പ്രോഗ്രാം തങ്ങള്‍ ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷക്കീല. താന്‍ പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷാസജ്ജീകരണങ്ങളുടെ ചെലവ് ഉയര്‍ത്തിക്കാട്ടിയാല്‍ തന്നെ ആരും ക്ഷണിക്കില്ലെന്ന് പറയുന്നു അവര്‍.
ഇന്നലത്തെ സംഭവത്തെക്കുറിച്ച് കുറേയധികം സംസാരിച്ചു. നമുക്ക് ഇത് മതിയാക്കാം. ഒമര്‍ ലുലു എന്നെ വിളിച്ചത് നല്ല ഒരു തുടക്കമിടാന്‍ വേണ്ടി ആയിരുന്നു. പക്ഷേ അത് നടന്നില്ല. ഇതുപോലെയുള്ള പരിപാടികളില്‍ ഞാന്‍ പങ്കെടുത്താല്‍ ചെലവേറിയ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് വന്നാല്‍ പിന്നെ എന്നെ ആരും വിളിക്കില്ല. പ്ലീസ്, ഒന്ന് മനസിലാക്കുക. എനിക്ക് കേരളത്തില്‍ വരണം. കുറേ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് ദയവായി കരുതാതിരിക്കൂ. ലവ് യൂ കേരള. എന്നെ മനസിലാക്കുന്നതിന് നന്ദി, ഷക്കീല പറയുന്നു. തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ അനുഭവമല്ലെന്ന് ഷക്കീല ഇന്നലെ പറഞ്ഞിരുന്നു- എന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ല. കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണ്. കോഴിക്കോട്ടുകാരില്‍ നിന്ന് എനിക്കും കുറേ മെസേജുകള്‍ വന്നു. എനിക്ക് വലിയ വിഷമം തോന്നി. നിങ്ങളാണ് ഈ അന്തസ്സിലേക്ക് എന്നെ എത്തിച്ചത്. എന്നാല്‍ നിങ്ങള്‍തന്നെ ആ അംഗീകാരം എനിക്ക് നല്‍കുന്നില്ല. അത് എന്ത് കാരണത്താല്‍ ആണെന്ന് എനിക്കറിയില്ല, എന്നായിരുന്നു ഷക്കീലയുടെ വാക്കുകള്‍.
ALSO READ : വീണ്ടും ഹൃദയസ്തംഭനം; 24 കാരിയായ നടി ഐന്ദ്രില ശർമ്മ അന്തരിച്ചു
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ റതിൻ രാധാകൃഷ്ണനാണ്. നവംബർ 24ന് ചിത്രം തിയേറ്ററുകളിൽ എത്തും.