'വിശ്വസ്തനായ പങ്കാളി, ഗർഭധാരണം'; 2025ലെ രാശിഫലം പങ്കിട്ട് സാമന്ത, ആശംസയുമായി ആരാധകരും
2021ൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞത്.
തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് സാമന്ത. കഴിഞ്ഞ കുറേക്കാലമായി വിവിധ ഭാഷകളിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞ സാമന്ത, മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കിടെ പങ്കിടുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തപത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയും സാമന്ത ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.
2025ലെ രാശി ഫലമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. പുതുവർഷത്തിൽ വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളിയുണ്ടാകും എന്നടക്കം രാശി ഫലത്തിൽ പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടായിരുന്നു സാമന്ത ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. അമേൻ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം സ്റ്റോറി ഷെയർ ചെയ്തത്.
ഇടവരാശിയില്‍ ജനിച്ചവര്‍ക്ക് 2025-ല്‍ പ്രതീക്ഷിക്കുന്നത് എന്നാണ് രാശിഫലത്തിൽ കുറിച്ചിരിക്കുന്നത്. "വളരെ തിരക്കുള്ള വര്‍ഷമാണിത്. സാമ്പത്തിക സ്ഥിരത വർദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കും. വിശ്വസ്തനും സ്നേഹനിധിയായുമായ പങ്കാളി. മികച്ച മാനസിക ശാരീരിക ആരോഗ്യം. ഗർഭധാരണം", എന്നിങ്ങനെയാണ് സാമന്തയുടെ രാശിഫലം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതൊക്കെ നടക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സാമന്തയുടെ മുൻ ഭർത്താവും നടനുമായ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്. ഇതിനിടെ സാമന്ത പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോളിവുഡ് ഐക്കൺ വിയോള ഡേവിസ് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത്.
2021ൽ ആയിരുന്നു നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017 ഇവരുടെ വിവാഹം. എന്നാല്‍ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. പിന്നാലെ ഇരുവരും സംയുക്തമായി പിരിയാന്‍ തീരുമാനിക്കുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..