'ലണ്ടൻ ജീവിതം അവസാനിപ്പിക്കുന്നു', തിരികെ നാട്ടിലേക്കെന്ന് മലയാളികളുടെ പ്രിയതാരം
"തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമായിരുന്നു കുറേ നാളായി മനസ്സിൽ"
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി നിയ രഞ്ജിത്ത്. ഒരുപിടി സൂപ്പർ ഹിറ്റ് പരമ്പരകളിലൂടെയാണ് നിയ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും നിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താരം. വിവാഹശേഷം കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുകയായിരുന്നു നിയ. ഇപ്പോഴിതാ നിയയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. ഒരിടവേളയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുവരുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
'തിരിച്ചു നാട്ടിലേക്ക് പോകണം എന്ന ആഗ്രഹമായിരുന്നു കുറേ നാളായി മനസ്സിൽ. നല്ലൊരു ജീവിതം ആണ് ഇവിടെ ജീവിക്കുന്നത്. പക്ഷേ ഞാൻ വർക്ക് ചെയ്തിരുന്ന ആളല്ലേ എന്ന ചിന്ത എപ്പോഴും മനസിലുണ്ട്. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത പേടിയായി. ഞാൻ അത് പലതവണയായി പറഞ്ഞിട്ടുമുണ്ട്. എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനുമൊക്കെയാണ്.
വേറെ ജോലിയൊക്കെ നോക്കിയാൽ കിട്ടുമായിരിക്കും. എന്നാൽ സന്തോഷം ലഭിക്കുമോ എന്ന് അറിയില്ല. എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാൽ ചെയ്യണമെന്നുണ്ട്. രഞ്ജിത്ത് ലണ്ടനിൽ തന്നെ ഉണ്ടാകും. ഒരു ആറുമാസം നീ നാട്ടിൽ നിന്നു നോക്ക്, പറ്റുന്നില്ലെങ്കിൽ തിരികെ പോരൂ എന്നാണ് രഞ്ജിത് എന്നോട് പറഞ്ഞിട്ടുള്ളത്, നിയ പുതിയ വീഡിയോയിൽ പറയുന്നു. നാല് വർഷം മുൻപാണ് നിയ യുകെയിലേക്ക് പോയത്.
മലയാളത്തിലും തമിഴിലുമൊക്കെയായി 25 ല്‍ അധികം സീരിയലുകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പരയിലൂടെയാണ് നിയ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് മിഥുനം, അമ്മ, കറുത്തമുത്ത് പോലുളള ശ്രദ്ധേയ പരമ്പരകളിൽ നിയ അഭിനയിച്ചിരുന്നു. സീരിയലുകൾക്ക് പുറമെ സിനിമകളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മാണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട്സ് എന്ന മറ്റൊരു ചിത്രത്തിലുമാണ് നടി അഭിനയിച്ചത്.