ബീഫ് വിവാദം: പറഞ്ഞത് നിലപാട്, ഉറച്ചുനിൽക്കുന്നു, സൈബര്‍ ആക്രമണം കാര്യമാക്കുന്നില്ലെന്നും നിഖില വിമൽ
Nikhila Vimal ബീഫ് കഴിക്കുന്നതിനെ കുറിച്ച് മുമ്പ് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി നിഖില വിമൽ
ദുബൈ: ബീഫ് കഴിക്കുന്നതിനെ കുറിച്ച് മുമ്പ് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടി നിഖില വിമൽ (Nikhila Vimal). അത് തന്റെ നിലപാടാണ്. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ നടക്കുന്ന സൈബര്‍ ആക്രമണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരം ആക്രമണങ്ങൾ കാര്യമാക്കാറില്ലെന്നും നിഖില പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത ചിത്ര ജോ ആൻഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബൈൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിഖില ഇക്കാര്യം വിശദീകരിച്ചത്.
എല്ലാ വ്യക്തികൾക്കും നിലപാടുണ്ട്. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നുപറയാൻ എല്ലാവര്‍ക്കും കഴിയണം. സൈബര്‍ ആക്രമണം നടന്നതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം മനസിലാക്കിയത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചു അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില വ്യക്തമാക്കി.
ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്' എന്നാണ് നിഖില പറഞ്ഞത്.
'ഇത് കേരളമാണ്, നേരുള്ള സമൂഹം'; നിഖിലയെ പിന്തുണച്ച് മാലാ പാർവതി
നിഖിലയുടെ വാദങ്ങള്‍ വീഡിയോ ക്ലിപ്പായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേരാണ് താരത്തെ അനുകൂലിച്ചും, താരത്തിനെതിരെ വിയോജിച്ചും വീഡിയോ പങ്കുവച്ചത്. ചെസ് സംബന്ധിയായ ഒരു ചോദ്യത്തില്‍ തുടങ്ങിയതായിരുന്നു താരത്തിന്‍റെ മറുപടി. നമ്മുടെ നാട്ടില്‍ പശുവിനെ തട്ടുന്നതില്‍ പ്രശ്നമില്ലെന്ന് പറഞ്ഞാണ് വിഷയത്തില്‍ താരം തന്‍റെ അഭിപ്രായത്തിലേക്ക് വരുന്നത്.
നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജോ ആന്‍ഡ് ജോ തിയേറ്റുകളില്‍ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. മാത്യു, നസ്ലിന്‍, ജോമി ആന്റണി, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. അരുണ്‍ ഡി ജോസ്, രവീഷ് നാഥ്, എന്നിവര്‍ ചേര്‍ന്നാണ് തിക്കഥയും സംഭാഷണവും എഴുതുന്നത്.