രണ്ട് ദിവസം മുമ്പ് വയനാട് ഇങ്ങനെ ആയിരുന്നു, എന്നാൽ ഇന്ന്..; നാടിനെ ഓർത്ത് ഉള്ളുലഞ്ഞ് നടി മോനിഷ
ക്യാപ്ഷൻ വായിക്കാതെ വീഡിയോ മാത്രം കണ്ടവർ നടിയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തി.
വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളക്കര. ഇതിനോടകം 168 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ധാരാളം പേർ ഇപ്പോഴും മണ്ണിനടിയിൽ തന്നെയാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യവും മറ്റ് രക്ഷാപ്രവർത്തകരും. ദുരന്തമുഖത്ത് നിന്നും ഓരോ നോവുണർത്തുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നതിനിടെ വയനാടിനെ കുറിച്ച് സീരിയൽ നടി മോനിഷ പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്.
രണ്ട് ദിവസം മുൻപ് സ്വന്തം നാടായ വയനാടിന്റെ മനോഹാരിത ഒപ്പിയെടുത്ത വീഡിയോ ആണ് മോനിഷ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ചെറു ക്യാപ്ഷനും ഉണ്ട്. ‘രണ്ട് ദിവസം മുമ്പാണ് ഞാൻ ഈ വീഡിയോ എടുത്തത്. പക്ഷേ ഇന്ന് വയനാടിന്റെ മുഖം മാറി. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണ്’, എന്നായിരുന്നു മോനിഷയുടെ വാക്കുകൾ.
‘‘തമിഴ്നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ നാടായ വയനാട്ടിൽ രാവിലെ മുതൽ നല്ല മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതൽ മഴ പെയ്തു കൊണ്ടേയിരിക്കുക ആണ്. ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്’’, എന്നായിരുന്നു വീഡിയോയിൽ മോനിഷ പറഞ്ഞത്. തമിഴിൽ ആയിരുന്നു നടിയുടെ വാക്കുകൾ. എന്നാൽ ക്യാപ്ഷൻ വായിക്കാതെ വീഡിയോ മാത്രം കണ്ടവർ നടിയ്ക്ക് എതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
174 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാടിനെ ദുരന്ത ഭൂമിയാക്കിയത് രണ്ടാഴ്ചയോളം തുടർച്ചയായി പെയ്ത അതിതീവ്ര മഴയാണെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ നിഗമനം. 2019ൽ വയനാട് പുത്തുമല ദുരന്തം ഉണ്ടാക്കിയതിന് സമാനമായ കാലാവസ്ഥ അന്തരീക്ഷമായിരുന്നു ഇത്തവണയും നാശം വിതച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം, സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..